Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസപോറിഷിയ നിലയത്തിലെ...

സപോറിഷിയ നിലയത്തിലെ ഷെൽ വർഷം:ദുരന്തത്തിന് ചെവിയോർത്ത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം

text_fields
bookmark_border
സപോറിഷിയ നിലയത്തിലെ ഷെൽ വർഷം:ദുരന്തത്തിന് ചെവിയോർത്ത് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം
cancel


കിയവ്: ചെർണോബിലിന് പിറകെ മറ്റൊരു ആണവദുരന്തം കൂടി യുക്രെയ്നെ കാത്തിരിക്കുന്നോ? യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സപോറിഷിയയിൽ കഴിഞ്ഞ ദിവസം വീണ്ടും ഷെല്ലുകൾ പതിച്ചതോടെയാണ് ദുരന്തഭീതിക്ക് കനംവെച്ചുതുടങ്ങിയത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ആരംഭിച്ച് ദിവസങ്ങൾക്കിടെ സപോറിഷിയ നിലയത്തിന്റെ നിയന്ത്രണം യുക്രെയ്ന് നഷ്ടമായിരുന്നു. മാർച്ച് ആരംഭത്തിൽ സപോറിഷിയ പിടിക്കുന്നതിനിടെ ഒന്നാം നമ്പർ റിയാക്ടറിനു മേൽ ഷെൽ പതിച്ച് അഗ്നിബാധയുണ്ടായെങ്കിലും അപകടകരമായിരുന്നില്ല.

എന്നാൽ, അഞ്ചു മാസം കഴിഞ്ഞ് വീണ്ടും ആക്രമിക്കപ്പെട്ടതോടെയാണ് ആശങ്ക ഇരട്ടിയായത്. നിലയത്തിനു മേൽ പതിച്ച ഷെല്ലുകൾ തൊടുത്തത് സംബന്ധിച്ച് റഷ്യയും യുക്രെയ്നും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. നിലയത്തിൽനിന്നുള്ള വൈദ്യുതി വിതരണം തകരാറിലാക്കാൻ റഷ്യയാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ പറയുന്നു. റഷ്യ മറിച്ചും ആരോപിക്കുന്നു. സമാനമായി, വീണ്ടും ആക്രമണമുണ്ടായാൽ നിലയത്തിൽ ചോർച്ചക്കും അതുവഴി ആണവ വികിരണത്തിനും ഇടവരുത്തും. ഇത് വൻ ദുരന്തമാകും വരുത്തിവെക്കുക. ഇവിടെ പ്രവർത്തനം നിയന്ത്രിക്കുന്നത് യുക്രെയ്ൻ സാങ്കേതിക വിദഗ്ധരാണെങ്കിലും നിലയം റഷ്യയുടെ പിടിയിലാണ്. 10,000 ലേറെ ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇവർ മാത്രമല്ല, പരിസരത്തെ അനേക ലക്ഷങ്ങളും ഇരകളാകും. 1986ലെ ചെർണോബിൽ ദുരന്തത്തിന്റെ ഓർമകൾ ഇപ്പോഴും രാജ്യത്തെ വേട്ടയാടുന്നുണ്ട്. ആറു റിയാക്ടറുകളുമായി അത്രതന്നെ വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് സഫോറിഷിയ.

നീപർ നദിയോടു ചേർന്നാണ് നിലയമുള്ളത്. പുഴയുടെ പടിഞ്ഞാറുവശം യുക്രെയ്ൻ നിയന്ത്രണത്തിലും നിലയമുള്ള കിഴക്കു വശം റഷ്യയുടെ കൈകളിലുമാണ്. ആണവനിലയം കേന്ദ്രീകരിച്ചാണ് റഷ്യയുടെ സൈനിക സന്നാഹം. സൈനികർ മാത്രമല്ല, ആയുധങ്ങളും ഇവിടെ വൻതോതിൽ എത്തിച്ചിട്ടുണ്ട്. ഇതാണ് ആക്രമണം നടത്തിയത് യുക്രെയ്നാണെന്ന് ആരോപിക്കാൻ റഷ്യക്ക് അവസരമൊരുക്കിയത്. വ്യാഴാഴ്ച മാത്രം അഞ്ചു തവണയാണ് ഷെല്ലുകൾ ഇവിടെ പതിച്ചത്. ആണവശേഷിയുള്ള വസ്തുക്കൾ സൂക്ഷിച്ച ഇടത്തുവരെ ഷെൽ വീണു. ഷെല്ലാക്രമണം മതിയായ അഗ്നി സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവർത്തിക്കാൻ നിർബന്ധിതമാക്കിയെന്ന് നിലയം നടത്തിപ്പുചുമതലയുള്ള 'എനർഗോആറ്റം' പറഞ്ഞു. നിലയത്തിലെ നൈട്രജൻ- ഓക്സിജൻ സ്റ്റേഷനും കേടുപാടുകൾ പറ്റിയിട്ടുണ്ട്. ഉപയോഗിച്ച ആണവ ഇന്ധനം സൂക്ഷിച്ച ഭാഗത്തു പ്രവർത്തിക്കുന്ന ഒരു ജീവനക്കാരന് ഷെല്ലാക്രമണത്തിൽ പരിക്കേറ്റിരുന്നു.

ഏതു യുദ്ധത്തിലും സുരക്ഷിതമാകുമെന്നുറപ്പുള്ള ആണവനിലയം ആക്രമണത്തിന്റെ കേന്ദ്രമാകുന്നതാണ് യൂറോപ്പിന് ആധി വർധിപ്പിക്കുന്നത്. റിയാക്ടറുകൾ ഷെല്ലുകളെ ചെറുക്കാൻ ശേഷിയുള്ളതാണെങ്കിലും വൈദ്യുതി ട്രാൻസ്ഫോമറുകൾക്ക് അതില്ല. അവ തകർന്നാൽ, വൈദ്യുതി വിതരണം തടസ്സപ്പെടും. അതോടെ, റിയാക്ടറുകളുടെ ശീതീകരണം മുടങ്ങുകയും പൊട്ടിത്തെറിയിലേക്ക് എത്തുകയും ചെയ്യും. സപോറിഷിയ സൈനിക മുക്ത മേഖലയായി മാറ്റണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ukraineNuclear Power Plant
News Summary - Inside the Ukraine power plant raising the specter of nuclear disaster in Europe
Next Story