സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാർക്കായി തീവ്രശ്രമം
text_fieldsന്യൂഡൽഹി: റഷ്യയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ നൂറുകണക്കിന് മലയാളികൾ കുടുങ്ങിക്കിടക്കുന്ന സുമി നഗരത്തിൽനിന്ന് അവരെ ഒഴിപ്പിക്കാനുള്ള ശ്രമം ഉർജിതമാക്കി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഇടനാഴി ഒരുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്‍റെ അഭ്യർഥന പ്രകാരമാണ് തിങ്കളാഴ്ച റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചത്.
900ത്തോളം ഇന്ത്യൻ വിദ്യാർഥികൾ സുമിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ അവരെ സുരക്ഷിതമായി ഒഴിപ്പിക്കാനുള്ള വഴിയൊരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് പുടിനോടും യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയോടും അഭ്യർഥിച്ചു.
സുമിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ പോൾട്ടാവ വഴി യുക്രെയിന്‍റെ പടിഞ്ഞാറൻ അതിർത്തിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചതിന് പിറ്റേന്നായിരുന്നു മോദിയുടെ അഭ്യർഥന. സുമിയിൽനിന്ന് പുറപ്പെടാനുള്ള തീയതിയും സമയവും ഉടൻ അറിയിക്കുമെന്നും അറിയിപ്പ് കിട്ടിയാൽ എത്രയും പെട്ടെന്ന് പുറപ്പെടാൻ തയാറായിരിക്കണമെന്നും യുക്രെയ്നിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, സുമിയിൽ 600 ഇന്ത്യക്കാർ ശേഷിക്കുന്നുണ്ടെന്നാണ് കേന്ദ്ര വിദേശ മന്ത്രി വി. മുരളീധരൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം അറിയിച്ചത്. റഷ്യ ആക്രമണം തുടങ്ങിയപ്പോൾ യുക്രെയ്നിൽ കുടുങ്ങിയ 20,000 ഇന്ത്യക്കാരിൽ 16,000 പേരെ തിരിച്ചുകൊണ്ടുവന്നുവെന്നും 3000ത്തോളം പേർ യുക്രെയിന്‍റെ അയൽരാജ്യങ്ങളിലുണ്ടെന്നും മുരളീധരൻ പറഞ്ഞു.
വെടിയേറ്റ വിദ്യാർഥി ഇന്ത്യയിൽ
കിയവിൽ വെടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഹർജോത് സിങ്ങിനെ യുക്രെയ്നിലെ മറ്റു ഇന്ത്യക്കാർക്ക് ഒപ്പം ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിൽ വൈകീട്ട് ഏഴ് മണിക്ക് എത്തിച്ചു. കിയവിൽനിന്ന് പോളണ്ട് വഴിയാണ് സിങ്ങിനെ നാട്ടിലെത്തിച്ചത്.
വ്യോമതാവളത്തിൽനിന്ന് ഹർജോത് സിങ്ങിനെ ഇന്ത്യൻ സൈന്യത്തിന് കീഴിലുള്ള ആർ.ആർ ആശുപത്രിയിലേക്ക് തുടർ ചികിൽസക്കായി കൊണ്ടുപോയെന്ന് കേന്ദ്ര മന്ത്രി വി.കെ സിങ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.