ഇന്ത്യയുമായി അടുത്ത ബന്ധത്തിന് താൽപര്യം; അന്വേഷണത്തിൽ സഹകരിക്കണം -കാനഡ
text_fieldsടൊറന്റോ: വളർന്നുവരുന്ന സാമ്പത്തികശക്തിയും മേഖലയിലെ പ്രധാന രാഷ്ട്രവുമായ ഇന്ത്യയുമായി അടുത്ത ബന്ധമുണ്ടാകണമെന്ന ഗൗരവപൂർണമായ താൽപര്യമാണ് കാനഡക്കുള്ളതെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. എന്നാൽ, ഹർദീപ് സിങ് നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ന്യൂഡൽഹി കാനഡയുമായി സഹകരിക്കണമെന്നും തങ്ങൾ ആവശ്യപ്പെടുന്നതായി അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കെതിരെ വിശ്വസനീയമായ ആരോപണങ്ങൾ ഉണ്ടെങ്കിലും അവരുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ട്രൂഡോ പറഞ്ഞതായി ‘ദ നാഷനൽ പോസ്റ്റ്’ പത്രം റിപ്പോർട്ട് ചെയ്തു.
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം വർധിച്ചുവരുന്നതിനാൽ കാനഡക്കും സഖ്യകക്ഷികൾക്കും ആ രാജ്യവുമായി ബന്ധമുണ്ടാക്കേണ്ടത് പ്രധാനമാണ്. കനേഡിയൻ മണ്ണിൽ, ഞങ്ങളുടെ പൗരനെ ഇന്ത്യൻ ഏജന്റുമാർ കൊലപ്പെടുത്തിയെന്ന വിഷയം ഇന്ത്യയോട് ഉന്നയിക്കുന്നതിൽ അമേരിക്ക ഞങ്ങൾക്കൊപ്പമാണ്. ഈ കാര്യം നിയമവാഴ്ചയെ മാനിക്കുന്ന എല്ലാ രാജ്യങ്ങളും ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിജ്ജാറിന്റെ കൊലയിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള കാര്യങ്ങൾ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി ട്രൂഡോ പറഞ്ഞു. എന്നാൽ, കഴിഞ്ഞ ദിവസം ബ്ലിങ്കനും ജയ്ശങ്കറും തമ്മിലുള്ള ചർച്ചക്കുശേഷം അമേരിക്ക പുറത്തിറക്കിയ കുറിപ്പിൽ ഇത് ചർച്ച ചെയ്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ജൂൺ 18നാണ് ബ്രിട്ടീഷ് കൊളംബിയയിൽ ഖാലിസ്താൻ തീവ്രവാദിയായ നിജ്ജാർ കൊല്ലപ്പെടുന്നത്. ഇതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിന്റെ സാധ്യത സംബന്ധിച്ച ട്രൂഡോയുടെ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷം രൂക്ഷമായി. തികഞ്ഞ അസംബന്ധമെന്നാണ് ട്രൂഡോയുടെ ആരോപണങ്ങളോടുള്ള ഇന്ത്യയുടെ പ്രതികരണം. പിന്നാലെ, ഇരു രാജ്യങ്ങളും നയതന്ത്രജ്ഞരെയും പുറത്താക്കി. 2020ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണ് നിജ്ജാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.