യുദ്ധക്കുറ്റം: അന്വേഷണം ആരംഭിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി
text_fieldsഹേഗ് (യു.എൻ): റഷ്യൻ സൈന്യത്തിന്റെ കടന്നാക്രമണത്തിൽ യുക്രെയ്നിൽ സാധാരണക്കാരുടെ മരണ നിരക്ക് വലിയ തോതിൽ ഉയരുകയും നാശനഷ്ടം വ്യാപകമാവുകയും ചെയ്ത സാഹചര്യത്തിൽ യുദ്ധക്കുറ്റം സംബന്ധിച്ച് അന്വേഷണത്തിന് തുടക്കമിട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി). യുദ്ധത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ അംഗങ്ങളായ രാജ്യങ്ങളിൽ വലിയ വിഭാഗം രംഗത്തു വന്ന സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി പ്രോസിക്യൂട്ടർ കരിം ഖാൻ അന്വേഷണം പ്രഖ്യാപിച്ചത്.
യുദ്ധത്തിനും വംശഹത്യക്കും ഉത്തരവാദികളെന്ന് കരുതുന്ന മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ആയിരിക്കും അന്വേഷണമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന്റെ എല്ലാ മേഖലകളും അന്വേഷണപരിധിയിൽ വരുമെന്ന് കരിം ഖാൻ പറഞ്ഞു. തെളിവ് ശേഖരിക്കുന്ന നടപടിയാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. എന്നാൽ, ഉത്തരവാദികൾ അറസ്റ്റ് ചെയ്യപ്പെട്ടാൽ വിചാരണ നടത്താൻ മാത്രമേ ഐ.സി.സിക്ക് കഴിയൂ. പൊലീസ് സംവിധാനം ഇല്ലാത്തതിനാൽ കുറ്റവാളികളെ തടവിലിടാൻ കഴിയില്ല. റഷ്യൻ ആക്രമണത്തിൽ ഒരാഴ്ചക്കിടെ 2,000 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നാണ് യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവിസ് വ്യക്തമാക്കുന്നത്. എന്നാൽ, ഇത് സ്ഥിരീകരിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയുടെ കിരാത നടപടിക്കെതിരെ രാജ്യാന്തര തലത്തിൽ അന്വേഷണം വേണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് ആവശ്യപ്പെട്ടു. ഇരകൾക്ക് നീതി ഉറപ്പുവരുത്താൻ യു.കെ സഖ്യ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. റഷ്യൻ പ്രസിഡന്റ് പുടിന്റെ സൈന്യം ഒരു വിവേചനവുമില്ലാതെ സാധാരണ ജനങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നതെന്നും അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.