അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് മക്കയിൽ ഉജ്ജ്വല തുടക്കം
text_fieldsജിദ്ദ: സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ സൗദി മതകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് മക്കയിൽ ഉജ്ജ്വല തുടക്കം. ഞായറാഴ്ച രാവിലെ ഹിൽട്ടൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ തുടങ്ങിയ സമ്മേളനത്തിൽ 85 രാജ്യങ്ങളിൽനിന്നുള്ള പണ്ഡിതന്മാരും മുഫ്തികളും ശൈഖുമാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്ലാമി സംഘടന തലവന്മാരുമായി 150 പേർ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്ന് മുഴുവൻ പ്രതിനിധികളും ശനിയാഴ്ച രാത്രിയോടെ മക്കയിൽ എത്തിയിരുന്നു. പ്രതിനിധി സംഘങ്ങളെ സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ആമുഖ പ്രസംഗത്തിൽ സ്വാഗതംചെയ്തു.
ലക്ഷ്യം സഹിഷ്ണുതയുടെ പ്രചാരണം
ഇസ്ലാം അനുശാസിക്കുന്ന മിതത്വവും സഹിഷ്ണുതയും പ്രചരിപ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ വിപുലീകരണമായാണ് ഈ അന്താരാഷ്ട്ര സമ്മേളനമെന്ന് സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങൾക്കും ലോക രാജ്യങ്ങൾക്കും സമാധാനവും സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന വിധത്തിൽ അണികളെയും വാക്കിനെയും ഒരുമിപ്പിക്കുക, തീവ്രവാദത്തെയും വിദ്വേഷത്തെയും അതിന്റെ എല്ലാ രൂപങ്ങളിലും ചെറുക്കുക എന്നീ മഹത്തായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയാണ് സമ്മേളനലക്ഷ്യം.
സൗദി അറേബ്യ അതിന്റെ മതത്തോട് ചേർന്നുനിൽക്കുകയും ഇസ്ലാമിക മൂല്യങ്ങളിൽ അഭിമാനിക്കുകയും ചെയ്യുന്നു. അബ്ദുൽ അസീസ് രാജാവിന്റെ തുടക്കംമുതൽ സഹകരണത്തിന്റെയും കൂടിയാലോചനയുടെയും തത്ത്വമാണ് രാജ്യം സ്വീകരിച്ചത്. ഇസ്ലാമിന്റെ വിശുദ്ധസന്ദേശങ്ങളായ നീതി, കരുണ, സമാധാനം, മിതത്വം എന്നിവയുടെ തത്ത്വങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദത്തെയും ഭീകരതയേയും നിരാകരിക്കുകയും ചെയ്യുന്നു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ രാജ്യം ഇന്ന് അതിന്റെ സമ്പന്നമായ യുഗത്തിലാണ്. എല്ലാ മേഖലകളിലും തലങ്ങളിലും ആഗോള നവോഥാനത്തിനും പുരോഗതിക്കും സാക്ഷ്യംവഹിക്കുന്നു. ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമാണ് ഇന്ന് സൗദി അറേബ്യ. ഈ പുരോഗതിയും വികസനവും കൊണ്ട് രാജ്യം അതിന്റെ മതത്തിൽ ഉറച്ചുനിൽക്കുകയും ആ മൂല്യങ്ങളിൽ അഭിമാനിക്കുകയും ചെയ്യുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇസ്ലാമിക ആശയങ്ങളെ സേവിക്കുന്നതിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ‘ആശയവിനിമയവും സമന്വയവും’ ശീർഷകത്തിലുള്ള ഇൗ സമ്മേളനം ഇസ്ലാമിക ഐക്യവും സഹകരണവും ഐക്യദാർഢ്യവുമാണ് ലക്ഷ്യംവെക്കുന്നത്. ഇസ്ലാമിെൻറ സഹിഷ്ണുതയെയും നീതിയെയും വ്രണപ്പെടുത്തുന്ന അക്രമവും തീവ്രവാദവും വർധിച്ചുവരുന്ന സാഹചര്യത്തിൽ മിതവാദ ഇസ്ലാമിെൻറ സമീപനത്തെ സഹായിക്കുന്ന കൂടിയാലോചനയുടെയും സഹകരണത്തിെൻറയും ചർച്ചക്ക് വലിയ പ്രാധാന്യമുണ്ട്. മതത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതിനെതിരെയുള്ള ശ്രമങ്ങൾ ഊർജിതമാക്കണം. മതത്തിൽ പുതുമകളും നൂതനാശയങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒത്തുചേരേണ്ടതിന്റെ ആവശ്യകത കൂടുതലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിഷയങ്ങളിൽ ശ്രദ്ധക്ഷണിച്ച് പ്രതിനിധികൾ
ഇസ്ലാമിക സമൂഹത്തിന്റെ വിശുദ്ധ ഗ്രന്ഥമായി കണക്കാക്കുന്ന ഖുർആൻ കത്തിക്കുന്ന സംഭവങ്ങൾ സമീപ ദിവസങ്ങളിലും നിരവധി യൂറോപ്യൻ രാജ്യങ്ങളിലും ആവർത്തിച്ചിട്ടുണ്ടെന്നും സംഭവങ്ങളെ അപലപിക്കാൻ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ ആഹ്വാനം ചെയ്യണമെന്നും സമ്മേളനത്തിൽ സംസാരിച്ച കസാഖ്സ്താൻ മുഫ്തി ശൈഖ് നൂറിസ് ബേ ഹാജി തഗനുലി ഒത്ബെനോവ് ആവശ്യപ്പെട്ടു.
മാനുഷിക മൂല്യവ്യവസ്ഥയെ ബാധിക്കുന്ന മഹത്തായതും ഗുണപരവുമായ വെല്ലുവിളികൾക്കിടയിലാണ് ഈ സമ്മേളനം നടക്കുന്നതെന്ന് യു.എ.ഇ ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെൻറ് പ്രസിഡന്റ് ഡോ. മുഹമ്മദ് മതാർ അൽ-കഅബി പറഞ്ഞു. ആധുനിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സംഭവവികാസങ്ങളെയും മാറ്റങ്ങളെയും അഭിമുഖീകരിക്കുന്നതിൽ മുഴുവൻ ഇസ്ലാമിക രാഷ്ട്രത്തിന്റെയും അടിയന്തര ആവശ്യമാണ് ഈ സമ്മേളനം സ്പർശിക്കുന്നതെന്ന് മൗറിതാനിയൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹ്മദ് അൽ മുറാബിത് അൽ ശംഖീതി പറഞ്ഞു.
രാഷ്ട്രീയ സംഭവവികാസങ്ങൾ, ബൗദ്ധിക വെല്ലുവിളികൾ, ഇസ്ലാമിന്റെ പ്രതിഛായയെ വളച്ചൊടിക്കാനുള്ള ആക്രമണ പ്രവണതകൾ എന്നിവയുൾപ്പെടെ ഇസ്ലാമികരാഷ്ട്രം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളുടെ വെളിച്ചത്തിലാണ് സമ്മേളനം നടക്കുന്നതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ പറഞ്ഞു. ശത്രുതാപരമായ പ്രവണതകൾക്കും ധാരകൾക്കുമെതിരെ നിലകൊള്ളാനും ഇസ്ലാമിക ഐക്യം എന്ന ആശയം ഉണർത്താനും അത് ആവശ്യമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ ക്രിയാത്മകമായ ദിശാസൂചനകളെ പിന്തുണക്കുന്നതിനും അതിന്റെ നവോഥാനത്തിനായി പ്രവർത്തിക്കുന്നതിനും സൗദി അറേബ്യ വഹിക്കുന്ന പങ്കിന്റെ ഭാഗമാണ് ഈ സുപ്രധാന സമ്മേളനത്തിന്റെ ആതിഥേയത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടനച്ചടങ്ങിനു ശേഷമുള്ള ആദ്യ സെഷനിൽ സംഘാടകസമിതി ചെയർമാൻ ഡോ. അബ്ദുല്ലത്തീഫ് ആലു ശൈഖ് നേതൃത്വം നൽകി. മദീന ഇസ്ലാമിക് യൂനിവേഴ്സിറ്റി ടീച്ചിങ് സ്റ്റാഫ് അംഗവും മദീനയിലെ ഫത്വ കമീഷണറുമായ ഡോ. സാലിഹ് ബിൻ സാദ് അൽ സുഹൈമി നേതൃത്വം നൽകി. രണ്ടുദിവസം നീളുന്ന സമ്മേളനത്തിൽ ഏഴ് തലക്കെട്ടുകളിലായി പാനൽ ചർച്ചകളുണ്ടാകും. സഹിഷ്ണുതയും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുകയും തീവ്രവാദവും വിദ്വേഷവും ചെറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രമുഖ പണ്ഡിതന്മാർ പ്രബന്ധം അവതരിപ്പിക്കും.
സമ്മേളനത്തിൽ സമ്പന്നമായി ഇന്ത്യൻ പ്രാതിനിധ്യം
മക്ക: അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ സമ്പന്നമായി ഇന്ത്യൻ പ്രാതിനിധ്യം. കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹി, ഓൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാനാ മുഹമ്മദ് റഹ്മാനി, അഹ്ലേ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുല്ലത്വീഫ് കിൻദി ശ്രീനഗർ, ശൈഖ് അബ്ദുസ്സലാം സലഫി മുംബൈ, മൗലാനാ അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് സമ്മേളനത്തിലെ ഇന്ത്യൻ സാന്നിധ്യം. ജംഇയ്യതുൽ ഉലമാ ഹിന്ദ് പ്രസിഡന്റ് മൗലാനാ അർഷദ് മദനിക്കും സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.