അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനം ഇന്ന് മക്കയിൽ; 85 രാജ്യങ്ങളിൽനിന്ന് 150 പണ്ഡിതന്മാർ പങ്കെടുക്കും
text_fieldsജിദ്ദ: മക്ക വേദിയാകുന്ന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിന് ഇന്ന് (ഞായറാഴ്ച) തുടക്കമാകും. തിങ്കളാഴ്ച സമാപിക്കുന്ന ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ 85 രാജ്യങ്ങളിൽനിന്ന് 150 പ്രതിനിധികളാണ് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് പ്രതിനിധികളുടെ വരവ് ആരംഭിച്ചത്. വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനും മക്കയിലെ താമസ സ്ഥലത്തെത്തിക്കാനും മതകാര്യ വകുപ്പിന് കീഴിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യമായ ഒരുക്കം പൂർത്തിയാക്കിയിരുന്നു.ഹറമിനടുത്താണ് പ്രതിനിധികൾക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്നത്.
‘ആശയവിനിമയവും സംയോജനവും’ ശീർഷകത്തിൽ സൽമാൻ രാജാവിന്റെ മേൽനോട്ടത്തിൽ സൗദി മതകാര്യ മന്ത്രാലയമാണ് സംഘാടകർ. 85 രാജ്യങ്ങളിൽനിന്ന് പണ്ഡിതന്മാരും മുഫ്തികളും ശൈഖുമാരും മന്ത്രിമാരും മതകാര്യ മേധാവികളും ഇസ്ലാമിക് അസോസിയേഷൻ തലവന്മാരും ഉൾപ്പെടെയാണ് പങ്കെടുക്കുന്നത്. കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹിയടക്കം ഇന്ത്യയിൽനിന്ന് എട്ടുപേർ സമ്മേളനത്തിൽ പങ്കെടുക്കും.
സമ്മേളന ഒരുക്കം മതകാര്യ മന്ത്രാലയം പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിനിധികളെ മതകാര്യ വകുപ്പ് മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് സ്വാഗതം ചെയ്തു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മതനേതാക്കളുടെ സജീവ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാകുന്ന സമ്മേളനം ഉന്നതമായ ലക്ഷ്യങ്ങൾ കൈവരിക്കട്ടെയെന്ന് അദ്ദേഹം പ്രാർഥിച്ചു. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ ലോകത്തിലെ ഒരുകൂട്ടം ഉന്നത പണ്ഡിതന്മാരും മുഫ്തികളും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നതിൽ മതകാര്യ മന്ത്രാലയത്തിന് അഭിമാനമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
തീവ്രവാദത്തിന്റെയും വിദ്വേഷത്തിന്റെയും വേരുകൾ പിഴുതെറിഞ്ഞ് സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മിതത്വത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിന് സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും മേൽനോട്ടത്തിൽ സൗദി അറേബ്യ നടത്തുന്ന മഹത്തായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന സമ്മേളനത്തിനുള്ള എല്ലാ ക്രമീകരണങ്ങളും എല്ലാ കമ്മിറ്റികളും പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.
ആഗോള ഇസ്ലാമിക സമ്മേളനം സംഘടിപ്പിക്കുന്നതിനും അതിന് മേൽനോട്ടം വഹിക്കുന്നതിനും കാണിക്കുന്ന ശ്രദ്ധക്കും പരിഗണനക്കും സൽമാൻ രാജാവിനും കിരീടാവകാശിക്കും സമ്മേളനത്തിനെത്തിയ മതകാര്യ തലവന്മാരും മുഫ്തിമാരും നന്ദി പറഞ്ഞു. ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്നതിൽ സൗദിയുടെ മുൻനിര പങ്കിനെ അവർ അഭിനന്ദിച്ചു.ലോകത്തെ ഇസ്ലാമിന്റെയും മുസ്ലിംകളുടെയും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനും അവരുടെ വാക്കുകൾ ഏകീകരിക്കുന്നതിനും സൗദി ഭരണകൂടം നൽകുന്ന പിന്തുണയെ അവർ പ്രശംസിച്ചു.
സമ്മേളനത്തിൽ ഹുസൈൻ മടവൂരും പങ്കെടുക്കും
മക്ക: ദ്വിദിന അന്താരാഷ്ട്ര ഇസ്ലാമിക സമ്മേളനത്തിൽ കേരളത്തിൽനിന്ന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂരും പങ്കെടുക്കും.സൗദി മന്ത്രാലയതലത്തിൽ എത്തിയ ക്ഷണപ്രകാരമാണ് ഡോ. ഹുസൈൻ മടവൂർ സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഓൾ ഇന്ത്യ അഹ്ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസ്സലഫി, ജംഇയ്യതുൽ ഉലമ ഹിന്ദ് പ്രസിഡൻറ് മൗലാനാ അർഷദ് മദനി, ജാമിഅ മുഹമ്മദിയ്യ മുംബൈ ചെയർമാൻ മൗലാനാ അർഷദ് മുഖ്താർ, ജാമിഅ ഇസ്ലാമിയ്യ സനാബിൽ ഡൽഹി ചെയർമാൻ മൗലാന മുഹമ്മദ് റഹ്മാനി, അഹ്ലെ ഹദീസ് പണ്ഡിതൻ ശൈഖ് അബ്ദുല്ലത്വീഫ് കിൻദി ശ്രീനഗർ, ശൈഖ് അബ്ദുസ്സലാം സലഫി മുംബൈ, മൗലാന അസ്അദ് അഹ്സമി ജാമിഅ സലഫിയ്യ ബനാറസ് എന്നിവരാണ് ഇന്ത്യയിൽനിന്നും സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റു നേതാക്കൾ.
സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്വീഫ് അബ്ദുൽ അസീസ് ആലുശൈഖ്, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ, ഇരുഹറം കാര്യാലയം ചെയർമാനും മക്കാ ചീഫ് ഇമാമുമായ ഡോ. ശൈഖ് അബ്ദുറഹ്മാൻ അൽ സുദൈസ്, റാബിത്വ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസാ തുടങ്ങിയവരും വിവിധ രാജ്യങ്ങളിലെ ഇസ്ലാമിക വഖഫ് വകുപ്പ് തലവന്മാരും യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാരും പ്രമുഖ പണ്ഡിതന്മാരും ദ്വിദിന സമ്മേളനത്തിൽ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.