ഇസ്രായേലിന് മുന്നറിയിപ്പുമായി ഇറാനും ഹിസ്ബുല്ലയും
text_fieldsബൈറൂത്: ഗസ്സക്ക് നേരെയുള്ള അക്രമം ഇസ്രായേൽ ഉടൻ നിർത്തിയില്ലെങ്കിൽ അക്രമം പശ്ചിമേഷ്യയിലാകെ വ്യാപിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ മുന്നറിയിപ്പ് നൽകി.
ലബനാൻ വിദേശകാര്യ മന്ത്രി അബ്ദുല്ല റഷീദ് ബൂഹബീബുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവൽ പ്രധാനമന്ത്രി നജീബ് മീകാതി, പാർലമെന്റ് സ്പീക്കർ നബീഹ് ബെരി, ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല തുടങ്ങിയവരുമായി ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി. ലബനാനിൽനിന്ന് അദ്ദേഹം ഇറാഖിലേക്കും തുടർന്ന് സിറിയയിലേക്കും പോകുന്നുണ്ട്. ഇസ്രായേൽ സംഘടിത യുദ്ധക്കുറ്റങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ഏത് സാധ്യതയും സങ്കൽപിക്കാം എന്നു പറഞ്ഞ അദ്ദേഹം ഇറാൻ നേരിട്ട് സംഘട്ടനത്തിൽ ചേരുന്നത് സംബന്ധിച്ച് വ്യക്തമായ മറുപടി പറഞ്ഞില്ല.
ഗസ്സയിലെ സ്ത്രീകളെയും കുട്ടികളെയും സാധാരണക്കാരെയും കൊല്ലാൻ സയണിസ്റ്റുകളെ അനുവദിക്കുകയും പിന്തുണ നൽകുകയും ചെയ്യുന്ന അമേരിക്ക മറ്റു രാജ്യങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുന്നത് തമാശയാണെന്ന് അബ്ദുല്ലാഹിയാൻ പറഞ്ഞു. ഹമാസ് കടന്നുകയറ്റം ഇസ്രായേൽ തുടരുന്ന അതിക്രമത്തോടുള്ള പ്രതികരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിനൊപ്പം ചേരാൻ സജ്ജമെന്ന് ഹിസ്ബുല്ല
ബൈറൂത്: ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഹമാസിനൊപ്പം ചേരാൻ സജ്ജമെന്ന് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ലയുടെ ഉപമേധാവി ശൈഖ് നഈം ഖാസിം പറഞ്ഞു. ദക്ഷിണ ബൈറൂതിൽ ഫലസ്തീൻ അനുകൂല റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയമായാൽ ഏത് ദൗത്യത്തിനും തങ്ങൾ തയാറാണ്. പാശ്ചാത്യ രാജ്യങ്ങൾ നേരിട്ടും അല്ലാതെയും ഹിസ്ബുല്ല വിഷയത്തിൽ ഇടപെടരുതെന്ന് ആവശ്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ല ഹമാസിനെക്കാൾ ആയുധശേഷിയും സന്നാഹവും ഉള്ളവരാണ്. പതിനായിരക്കണക്കിന് റോക്കറ്റുകളുടെയും മിസൈലുകളുടെയും ആയുധശേഖരവും അവർക്കുണ്ട്. 2006ലെ ഏറ്റുമുട്ടലിൽ ഇസ്രായേലിന് കനത്ത ആഘാതം ഏൽപിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. ഹമാസ് ആക്രമണം തുടങ്ങിയശേഷം ഹിസ്ബുല്ല ഇസ്രായേലിലേക്ക് റോക്കറ്റ് അയക്കുകയും പകരമായി ഇസ്രായേൽ ലബനാനിൽ ആക്രമണം നടത്തുകയും ചെയ്തു. ലബനാൻ അതിർത്തിയിൽ ഇസ്രായേൽ സേനാവിന്യാസം നടത്തുകയും നിരീക്ഷണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ വിദേശകാര്യ മന്ത്രി വെള്ളിയാഴ്ച ലബനാൻ സന്ദർശിച്ച് ഹിസ്ബുല്ല മേധാവി ഹസൻ നസ്റുല്ലയുമായി ചർച്ച നടത്തിയിരുന്നു.
അൽ അഖ്സയിൽ യുവാക്കൾക്ക് പ്രവേശനം തടഞ്ഞ് ഇസ്രായേൽ
ജറൂസലം: ജറൂസലമിലെ മസ്ജിദുൽ അഖ്സയിലേക്ക് യുവാക്കൾക്ക് പ്രവേശനം തടഞ്ഞ് ഇസ്രായേൽ പൊലീസ്. കനത്ത സുരക്ഷാപരിശോധന നടത്തി പ്രായമായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മാത്രം അകത്തേക്ക് കടത്തിവിട്ടു.
പ്രവേശനം നിഷേധിക്കപ്പെട്ട ഫലസ്തീനിയൻ യുവാക്കൾ ലയൺസ് ഗേറ്റിനു സമീപമുള്ള പടികളിൽ ഒത്തുകൂടി. ഇവർ പൊലീസുമായി തർക്കത്തിലേർപ്പെട്ടു. തങ്ങളെ ജീവിക്കാനും ശ്വാസമെടുക്കാനും അനുവദിക്കുന്നില്ലെന്നും അവർക്ക് അനുവദിക്കപ്പെട്ടതെല്ലാം തങ്ങൾക്ക് നിഷേധിക്കുകയാണെന്നും അഖ്സയിലെത്തിയ 57കാരനായ ഫലസ്തീനി അഹ്മദ് ബർബൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.