ഇസ്രായേലുമായുള്ള യുദ്ധം; ഹിസ്ബുല്ലക്കൊപ്പം അണിചേരാനൊരുങ്ങി ആയിരങ്ങൾ
text_fieldsബെയ്റൂത്ത്: മേഖലയിൽ പുകയുന്ന സംഘർഷാവസ്ഥ യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇസ്രായേലിനെതിരായ പോരാട്ടത്തിൽ ഹിസ്ബുല്ലക്കൊപ്പം ചേരാൻ ഒരുങ്ങി ആയിരങ്ങൾ. ഇറാഖിലെ പോപുലർ മൊബിലൈസേഷൻ സേന, അഫ്ഗാനിസ്താനിലെ ഫാതിമിയൂൻ, പാകിസ്താനിലെ സൈനബിയൂൻ, യമനിലെ ഹൂതികൾ തുടങ്ങിയ സംഘടനകളിൽനിന്നുള്ളവരാണ് ഹിസ്ബുല്ലയുടെ പോരാട്ടത്തിൽ പങ്കുചേരുകയെന്ന് വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
നിലവിൽ ലബനാൻ, ഇറാഖ്, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഇറാൻ പിന്തുണയോടെ സിറിയയിൽ പ്രസിഡന്റ് ബശ്ശാറുൽ അസദിന് വേണ്ടി കഴിഞ്ഞ 13 വർഷമായി പോരാടുന്നത്. ഇസ്രായേലിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് പോരാളികളെ അയക്കാമെന്ന് ഇറാൻ, ഇറാഖ്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സംഘടന നേതാക്കൾ അറിയിച്ചതായി ഹിസ്ബുല്ല നേതാവ് ഹസൻ നസ്റുല്ല പറഞ്ഞിരുന്നു. ഹിസ്ബുല്ലക്ക് ഒരു ലക്ഷത്തിലേറെ പോരാളികളാണ് യുദ്ധമുഖത്തുള്ളത്. യുദ്ധം പൂർണതലത്തിലേക്ക് എത്തുന്നതോടെ കൂടുതൽ സൈനികർ ചേരുമെന്നാണ് അദ്ദേഹം നൽകുന്ന സൂചന.
തെക്കൻ ലബനാനിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല സൈനിക കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സംഘർഷാവസ്ഥ രൂക്ഷമായത്. ഹിസ്ബുല്ലയുമായി തർക്കം അവസാനിച്ചില്ലെങ്കിൽ ലബനാനിൽ സൈനിക ആക്രമണം നടത്തുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ ആക്രമണത്തിൽ ഫുട്ബാൾ താരവും കുടുംബവും കൊല്ലപ്പെട്ടു
ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബാൾ താരവും കുടുംബവും കൊല്ലപ്പെട്ടു. ഫുട്ബാൾ താരം അഹമ്മദ് അബു അൽ അത്തയും ഭാര്യയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു.
വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച വാർത്ത പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അൽ അഹ്‍ലി ഗസ്സ ഫുട്ബാൾ ടീം അംഗമായിരുന്നു 34കാരനായ അബു അൽ അത്ത. അദ്ദേഹത്തിന്റെ ഭാര്യ റുബ ഇസ്മായേൽ ആരോഗ്യ പ്രവർത്തകയാണ്. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അത്‍ലറ്റുകൾ, റഫറിമാർ, കായിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ എണ്ണം 300 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.