ഉപരോധം: യു.എസ് ഭീഷണി പുച്ഛിച്ച് ഇറാൻ
text_fieldsതെഹ്റാൻ: ഇറാനുമായി ആയുധ ഇടപാടിനൊരുങ്ങുന്നവർക്കുനേരെ ഉപരോധം ഏർപ്പെടുത്തുമെന്ന യു.എസ് ഭീഷണിയെ പുച്ഛിച്ച് ഇറാൻ. ഞായറാഴ്ചയാണ്, ഇറാനെതിരായ യു.എൻ രക്ഷാസമിതി ആയുധ ഉപരോധം അവസാനിച്ചതിന് പിന്നാലെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഭീഷണി മുഴക്കിയത്.
ഏകപക്ഷീയ ഉപരോധം വിജയകരമല്ലെന്നാണ് പോംപിയോവിെൻറ പ്രസ്താവന വ്യക്തമാക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സഈദ് ഖടിബ്സാദേഹ് പറഞ്ഞു. അന്താരാഷ്ട്ര കരാറുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാനാകും എന്നാണ് ഇപ്പോഴും ഇറാൻ കരുതുന്നത്.
സാങ്കേതിക വിദ്യ, ആയുധ കയറ്റുമതി വിപണിയിലേക്ക് കൂടുതൽ കരുത്തോടെ ഇറാൻ മടങ്ങിവരുമെന്ന ഭയമാണ് അവർക്ക്. പ്രതിരോധ ആവശ്യങ്ങൾക്കുള്ള 90 ശതമാനം സാധനങ്ങളും സ്വന്തമായാണ് ഇറാൻ നിർമിക്കുന്നത്. അതുകൊണ്ടുതന്നെ, ആയുധങ്ങൾ ഇറക്കുമതി ചെയ്യാനല്ല, കയറ്റുമതിയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത് -അദ്ദേഹം വ്യക്തമാക്കി.
ആയുധങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് കരുതുന്ന രാജ്യങ്ങൾക്ക് മാത്രമേ അവ നൽകൂ എന്ന് കഴിഞ്ഞ ദിവസം ഇറാൻ പ്രതിരോധ മന്ത്രി ആമിർ ഹതാമി പറഞ്ഞു. അമേരിക്കക്കാരെപ്പോലെ, പണത്തിനുവേണ്ടി തങ്ങൾ എന്തും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാെൻറ സൈനിക നയപ്രകാരം ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള ആയുധങ്ങൾ സ്വന്തമാക്കില്ല. വെറുതെ ആയുധങ്ങൾ വാങ്ങിക്കൂട്ടുകയുമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനെതിരെ 13 വർഷമായി നിലനിന്ന യു.എൻ രക്ഷാസമിതി ഉപരോധമാണ് ഇല്ലാതായത്. ഇറാൻ ആണവ പദ്ധതിയിൽ പ്രഖ്യാപിച്ച വെട്ടിച്ചുരുക്കലുകൾ പരിഗണിച്ച് 2015ലാണ് ഇതുസംബന്ധിച്ച കരാറായത്. കരാർ പ്രയോഗത്തിൽ വരുന്നത് തടയാൻ അമേരിക്ക പല തവണ ശ്രമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.