ഇറാൻ തെരഞ്ഞെടുപ്പ് ഫലം ഇന്ന്
text_fieldsതെഹ്റാൻ: രണ്ടാം ഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ ഇറാനിൽ ഫലം ശനിയാഴ്ച പ്രഖ്യാപിക്കും. വെള്ളിയാഴ്ച രാവിലെ തുടങ്ങിയ വോട്ടെടുപ്പ് രാത്രി 10 ഓടെയാണ് പൂർത്തിയായത്. പാർലമെന്റംഗം മസൂദ് പെസഷ്കിയാനും സുരക്ഷ ഉദ്യോഗസ്ഥനായ സഈദ് ജലീലിയുമാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടിയത്.
ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ജൂൺ 28ന് നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
ഇറാനിലെ നിയമപ്രകാരം 50 ശതമാനത്തിലേറെ വോട്ടുകൾ നേടുന്ന സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കും. ആർക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ മുന്നിലെത്തിയ രണ്ട് സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കും. ഇറാന്റെ ചരിത്രത്തിൽ 2005ൽ മാത്രമാണ് ഇതിന് മുമ്പ് വോട്ടെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്.
ഹെലികോപ്റ്റർ അപകടത്തിൽ പ്രസിഡന്റ് ഇബ്രാഹിം റഈസി കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. നാമനിർദേശ പത്രിക സമർപ്പിച്ച 80 പേരിൽ ആറുപേർക്കാണ് ഗാർഡിയൻ കൗൺസിൽ മത്സരിക്കാൻ അനുമതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.