പാകിസ്താനിൽ കയറി ഇറാന്‍റെ ആക്രമണം; ജെയ്ഷ് അൽ അദ്ൽ കമാൻഡറെ വധിച്ചു
text_fieldsതെഹ്റാൻ: പാകിസ്താനിൽ കയറി ഇറാൻ സൈന്യം ജെയ്ഷ് അൽ അദ്ൽ ഭീകരസംഘടനയുടെ കമാൻഡറെ വധിച്ചു. ഇസ്മായീൽ ഷഹ്ബഖ്ഷിനെയും കൂട്ടാളികളെയുമാണ് ഇറാൻ വധിച്ചത്. ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയെ ഉദ്ധരിച്ച് ഇറാൻ ഇന്‍റർനാഷണലാണ് ഇക്കാര്യം അറിയിച്ചത്.
2012ൽ രൂപീകരിക്കപ്പെട്ട ജെയ്ഷ് അൽ അദ്‌ലിനെ ഭീകരസംഘടനയായി ഇറാൻ പട്ടികപ്പെടുത്തിയിരുന്നു. ഇറാന്‍റെ തെക്കുകിഴക്കൻ പ്രവിശ്യയായ സിസ്താൻ-ബലൂചിസ്താനിലായിരുന്നു സംഘടനയുടെ പ്രവർത്തനം. വർഷങ്ങളായി ഇറാന്‍റെ സുരക്ഷാ സൈന്യത്തിനുനേരെ ജെയ്ഷ് അൽ അദ്ൽ നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു. ഡിസംബറിൽ മേഖലയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് 11 ഉദ്യോഗസ്ഥരെ കൊന്നതിന്‍റെ ഉത്തരവാദിത്തം സംഘടന ഏറ്റെടുത്തിരുന്നു.
ജനുവരി 16നും സമാന രീതിയിൽ പാകിസ്താനിൽ ഇറാൻ ആക്രമണം നടത്തിയിരുന്നു. ഇത് ഇരുരാജ്യങ്ങളുടെയും നയതന്ത്ര ബന്ധം വഷളാക്കിയിരുന്നു. അന്ന് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ജെയ്ഷ് അൽ അദ്‌ലിന്‍റെ രണ്ട് പ്രധാന കേന്ദ്രങ്ങൾ തകർത്തെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആക്രമണത്തിൽ അഞ്ച് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെട്ടതായി പാകിസ്താൻ കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.