ബ്രിട്ടനുവേണ്ടി ചാരവൃത്തി; മുൻ പ്രതിരോധ സഹമന്ത്രിയെ ഇറാൻ തൂക്കിലേറ്റി
text_fieldsതെഹ്റാൻ: ബ്രിട്ടനുവേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് മുൻ പ്രതിരോധ സഹമന്ത്രിയെ ഇറാൻ തൂക്കിലേറ്റി. അലിറിസ അക്ബരിയെയാണ് തൂക്കികൊന്നത്.
ബ്രിട്ടീഷ് ചാരസംഘടനയുമായി ചേർന്ന് ചാരവൃത്തി നടത്തി രാജ്യ സുരക്ഷക്കെതിരായി പ്രവർത്തിച്ചെന്നാരോപിച്ചാണ് അലിറിസയെ തൂക്കിലേറ്റിയതെന്ന് അധികൃതർ അറിയിച്ചു. രഹസ്യവിവരങ്ങൾ കൈമാറി രാജ്യ സുരക്ഷയെ അപകടത്തിലാക്കിയതിന് നേരത്തെ തന്നെ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നു. ബ്രിട്ടീഷ്, ഇറാൻ പൗരത്വമുള്ള വ്യക്തിയാണ് അക്ബരിയ.
ഇറാന്റെ നടപടിയിൽ ബ്രിട്ടൻ അപലപിച്ചു. സ്വന്തം ജനങ്ങളുടെ മനുഷ്യാവകാശങ്ങളോട് യാതൊരു ബഹുമാനവുമില്ലാത്ത ഭരണകൂടം നടത്തിയ നിഷ്ഠൂരവും ഭീരുത്വവുമായ നടപടിയാണിതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. അമേരിക്കയും സംഭവത്തിൽ അപലപിച്ചു.
ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയെന്നാണ് അക്ബരിക്കെതിരായ പ്രധാന ആരോപണം. 2004 മുതൽ അഞ്ചു വർഷം അദ്ദേഹം ബ്രിട്ടീഷ് ചാരസംഘടനക്കുവേണ്ടി പ്രവർത്തിച്ചെന്നും പിന്നീട് രാജ്യം വിട്ടെന്നും ചാരവൃത്തിക്കായി വീണ്ടും ഇറാനിൽ എത്തിയതോടെയാണ് അറസ്റ്റിലായതെന്നും ജുഡീഷ്യറി അധികൃതർ പറയുന്നു.
അക്ബരി അറസ്റ്റിലായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അക്ബരി നിരപരാധിയാണെന്നും ഇറാനിലെ രാഷ്ട്രീയ കളികളുടെ ഇരയാണെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.