പുതിയ സംഘർഷ ഘട്ടത്തിലേക്ക് ഇറാൻ-ഇസ്രായേൽ നിഴൽയുദ്ധം
text_fieldsതെഹ്റാൻ: ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണം ഇരു രാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന സംഘർഷം ഭീകരമായ ഘട്ടത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന. ഈ ആക്രമണത്തോടെ ഇറാനെതിരായ സൈനിക നീക്കം അവസാനിപ്പിച്ചെന്ന് പറയുന്നുണ്ടെങ്കിലും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം വൻ ആക്രമണത്തിന് ഇസ്രായേൽ കോപ്പുകൂട്ടുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അധികാര കൈമാറ്റത്തിന്റെ സമയം ഇറാനെതിരെ എത്ര കടുത്ത ആക്രമണം നടത്തിയാലും യു.എസ് ഇടപെടലുണ്ടാവില്ലെന്നതാണ് ഇസ്രായേൽ നീക്കങ്ങൾക്ക് പിന്നിലെ ഉദ്ദേശ്യം.
ഇറാന്റെ മണ്ണിൽ നിരവധി അട്ടിമറികളും കൊലപാതകങ്ങളും നടത്തിയിട്ടുള്ള ഇസ്രായേൽ ആദ്യമായാണ് ആക്രമണം നടത്തിയെന്ന് സമ്മതിക്കുന്നത്. 1980കളിൽ ഇറാഖുമായുള്ള യുദ്ധത്തിനു ശേഷം ഇറാനിൽ വിദേശ വ്യോമസേന നടത്തിയ ചുരുക്കം ചില ആക്രമണങ്ങളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസത്തേത്. സുപ്രധാന ഘട്ടമാണെങ്കിലും സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുന്നതിനിടെ ഇസ്രായേലിന് തിരിച്ചടി നൽകണോയെന്ന കാര്യത്തിൽ ഇറാൻ കടുത്ത ആശയക്കുഴപ്പം നേരിടുന്നുണ്ട്. സ്വയം പ്രതിരോധിക്കാൻ ബാധ്യതയുണ്ടെങ്കിലും മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ടെന്ന ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക കുറച്ചിരിക്കുകയാണ്.
എങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള നിഴൽയുദ്ധം തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങിയിരിക്കുകയാണെന്ന് ബെർലിൻ ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ ഇറാൻ വിദഗ്ധയായ എല്ലി ജിറൻമയെ പറഞ്ഞു. കൂടുതൽ ഇസ്രായേൽ നടപടികൾ ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കാൻ ഈ ആക്രമണം തൽക്കാലത്തേക്ക് മറക്കാൻ ഇറാന് കഴിയുമെന്നും അവർ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പിന്തിരിപ്പിക്കാൻ യു.എസിന് കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇറാൻ. പക്ഷേ, ഈ പിന്മാറ്റം യു.എസ് തെരഞ്ഞെടുപ്പ് വരെ മാത്രമേ നീണ്ടുനിൽക്കൂ. അതിനുശേഷം വീണ്ടും ഇറാനെ ആക്രമിക്കാനുള്ള സാധ്യതയേറെയാണെന്നും ജിറൻമയെ വ്യക്തമാക്കി.
ആക്രമണങ്ങൾക്കു ശേഷം സൈനിക, വ്യോമയാന സ്ഥാപനങ്ങൾ ശനിയാഴ്ച രാവിലെ സാധാരണ നിലയിലേക്ക് തിരിച്ചുവന്നത് ഈ ആക്രമണത്തെ തൽക്കാലത്തേക്ക് മറക്കാൻ ഇറാൻ ഭരണകൂടം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, കൂടുതൽ അപകടകരമായ സംഘർഷത്തിന്റെ തുടക്കമാണിതെന്ന് തെൽ അവീവിലെ നാഷനൽ സെക്യൂരിറ്റി സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇറാൻ വിദഗ്ധൻ യോയെൽ ഗുസൻസ്കി അഭിപ്രായപ്പെട്ടു. ഇത്തവണ ഇരു രാജ്യങ്ങളും തൽക്കാലത്തേക്ക് ഏറ്റുമുട്ടാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമ പ്രതിരോധ, റഡാർ സംവിധാനങ്ങൾ തകർത്തതിനാൽ ഭാവിയിൽ ഇസ്രായേലിന്റെ യുദ്ധ വിമാനങ്ങൾക്ക് ഇറാനെ ആക്രമിക്കുന്നത് എളുപ്പമാകും. ശക്തമായി പ്രതികരിക്കാനുള്ള ഇറാന്റെ ശേഷിയും നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ആണവായുധം വികസിപ്പിക്കുകയും ഹിസ്ബുല്ലയെ ഉൾപ്പെടെ വളർത്തുകയും ചെയ്യുന്ന ഇറാനെ ആക്രമിക്കാൻ ഇസ്രായേലിൽ നെതന്യാഹു കടുത്ത സമ്മർദം നേരിടുന്നുണ്ട്. കുറച്ചുകൂടി ശക്തമായ തിരിച്ചടി നൽകണമായിരുന്നെന്നാണ് ഇറാൻ ആക്രമണത്തെക്കുറിച്ച് ഇസ്രായേൽ പ്രതിപക്ഷ നേതാവ് യെർ ലാപിഡ് പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.