മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ
text_fieldsതെഹ്റാൻ: സ്വന്തമായി വികസിപ്പിച്ച മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഇറാൻ. രാജ്യം തന്നെ നിർമിച്ച സിമോർഗ് റോക്കറ്റ് ഉപയോഗിച്ചാണ് 32 കിലോ ഭാരമുള്ള മഹ്ദയും 10 കിലോയിൽ താഴെയുള്ള കയ്ഹാൻ-2, ഹാതിഫ്-1 എന്നിവയും ബഹിരാകാശത്തെത്തിച്ചത്. 450 കിലോമീറ്റർ ഉയരത്തിലാകും ഇവയുടെ സ്ഥാനം. ഇറാൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച മഹ്ദ ഉപഗ്രഹം സിമോർഗ് റോക്കറ്റിന്റെ കാര്യക്ഷമതകൂടി പരീക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. മുമ്പും സിമോർഗ് ഉപഗ്രഹ വിക്ഷേപണത്തിന് ഉപയോഗിച്ചിരുന്നെങ്കിലും പാതിവഴിയിൽ പരാജയമായിരുന്നു. ഇറാനിലെ സിംനാൻ പ്രവിശ്യയിലെ ഇമാം ഖുമൈനി ബഹിരാകാശ നിലയത്തിൽനിന്നാണ് ഉപഗ്രഹങ്ങൾ കുതിച്ചത്.
ഗസ്സ വംശഹത്യക്കെതിരെ ഇറാൻ അനുകൂല സംഘങ്ങൾ മേഖലയിൽ ശക്തമായി പ്രതികരിക്കുന്നതിനിടെയാണ് പുതിയ ആകാശനീക്കം. യമൻ, സിറിയ, ഇറാഖ്, ലബനാൻ എന്നിവിടങ്ങളിലൊക്കെയും ഇറാൻ അനുകൂല സംഘടനകളോ വിഭാഗങ്ങളോ ആണ് രംഗത്തുള്ളത്.
നാലു മാസത്തോടടുത്ത ഇസ്രായേൽ ആക്രമണത്തിൽ 26,000ത്തിലേറെ പേർ ഇതുവരെയായി കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മാസാദ്യത്തിൽ ഇറാൻ സുരയ്യ എന്ന പേരിൽ മറ്റൊരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. രാജ്യംതന്നെ വികസിപ്പിച്ച മറ്റൊരു റോക്കറ്റിലേറിയാണ് സുരയ്യ കുതിച്ചിരുന്നത്. ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കാൻ ഇറാൻ ഇത് ഉപയോഗപ്പെടുത്തുമെന്ന് യൂറോപ് കുറ്റപ്പെടുത്തുന്നു.
നേരത്തെ, ഹസൻ റൂഹാനിക്ക് കീഴിൽ ബഹിരാകാശ പദ്ധതികൾ ഇറാൻ വേഗം കുറച്ചിരുന്നുവെങ്കിലും ഇബ്രാഹിം റഈസി അധികാരത്തിലെത്തിയതോടെ വീണ്ടും ശക്തിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.