ട്രംപ് നിർത്തിയ ഇറാൻ ആണവ ചർച്ചക്ക് ഒരുക്കമെന്ന് ബൈഡൻ
text_fields
വാഷിങ്ടൺ: മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അവസാനിപ്പിച്ച ഇറാൻ ആണവ ചർച്ചയിലെ പങ്കാളിത്തം പുനരാംഭിക്കാൻ ബൈഡൻ ഭരണകൂടം. യൂറോപ്യൻ യൂനിയൻ മേൽക്കൈയിൽ വീണ്ടും ആരംഭിക്കാൻ തീരുമാനിച്ച ചർച്ചയിൽ പങ്കെടുക്കാമെന്ന് യു.എസ് അറിയിച്ചു. 2015ൽ ലോക വൻശക്തികൾ ഇറാനുമായി ഒപ്പുവെച്ച ആണവ കരാർ പുനഃസ്ഥാപിക്കുന്നതിെൻറ ഭാഗമായാണ് നടപടി. ഇറാനും മറ്റു അഞ്ചു രാജ്യങ്ങളും നടത്തുന്ന സംഭാഷണങ്ങളിൽ അമേരിക്കയും പങ്കാളിയാകുമെന്ന് യു.എസ് വിദേശകാര്യ വക്താവ് നെഡ് പ്രൈസ് പറഞ്ഞു.
ഉപരോധം ഇളവു ചെയ്യാമെന്ന വ്യവസ്ഥയിൽ ഇറാനു മേൽ കടുത്ത നിബന്ധനകൾ അടിച്ചേൽപിച്ച് 2015ലാണ് ലോക വൻശക്തികൾ കരാറിലൊപ്പുവെച്ചിരുന്നത്. എന്നാൽ, കരാറിൽനിന്ന് പിൻവാങ്ങുന്നതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. 2018ലായിരുന്നു ഇറാനെ ഞെട്ടിച്ച് ട്രംപിെൻറ പിൻമാറ്റം. തൊട്ടുപിറകെ പുതിയ ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു.
ജോ ബൈഡൻ അധികാരത്തിലെത്തിയ ഉടൻ ചർച്ച പുനരാരംഭിക്കാമെന്ന് ഇറാനും സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ചൈനക്കെതിരെ പഴയ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ബൈഡൻ പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ചർച്ച എത്രകണ്ട് മുന്നോട്ടുപോകുമെന്ന് കണ്ടറിയണം.
യു.എസ് പിൻമാറ്റവും പുതിയ ഉപരോധവും ആരംഭിച്ചതിന് പിറകെ ആണവ പദ്ധതികൾ ഇറാൻ പുനരാരംഭിച്ചിരുന്നു. അത്യാധുനിക സെൻട്രിഫ്യൂഗുകളുടെ നിർമാണത്തിനു പുറമെ യുറേനിയം ഉപയോഗിച്ച് ആയുധം വികസിപ്പിക്കാനും ഇറാൻ തുടക്കമിട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ആണവ കരാറിലേക്ക് ഇറാൻ തിരിച്ചെത്തണമെന്ന് യു.എസിനു പുറമെ യു.കെ, ഫ്രാൻസ്, ജർമനി എന്നിവ ചേർന്ന് വ്യാഴാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം, നേരത്തെ ട്രംപ് ഇറാൻ ഉദ്യോഗസ്ഥർക്കുമേൽ അടിച്ചേൽപിച്ച യാത്ര വിലക്കുൾപെടെ പുതിയ ഉപരോധ നടപടികൾ നിർത്തിവെക്കാൻ ബൈഡൻ ഉത്തരവിട്ടു. യു.എൻ ഉപരോധം വീണ്ടും സ്ഥാപിക്കാനുള്ള ട്രംപ് സമ്മർദവും വേണ്ടെന്നുവെക്കുകയാണെന്ന് യു.എസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.