യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരും -മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ്
text_fieldsയുനൈറ്റഡ് നേഷൻസ്: പശ്ചിമേഷ്യയെ ആകെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രായേൽ ആഗ്രഹിക്കുന്നതെന്നും യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്‍റ് മസ്ഊദ് പെസശ്കിയാൻ. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'പശ്ചിമേഷ്യയിൽ അസ്ഥിരതയുണ്ടാവാൻ കാരണക്കാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സമാധാനത്തിൽ മുന്നോട്ട് പോകണം. ഞങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ല. എല്ലാ സംഘർഷങ്ങളും സൃഷ്ടിക്കുന്നത് ഇസ്രായേലാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം മൗനം പുലർത്തുകയാണ്' -അദ്ദേഹം പറഞ്ഞു. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഇറാൻ ഭാഗമാകുമോയെന്ന ചോദ്യത്തിന് പെസശ്കിയാൻ വ്യക്തമായ മറുപടി നൽകിയില്ല.
അതേസമയം, ഹിസ്ബുല്ലയെ ലക്ഷ്യമിട്ടെന്ന പേരിൽ ലബനാനിലെ ജനവാസ കേന്ദ്രങ്ങളിൽ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. തിങ്കളാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവർ 492ലേറെയായി. 1,645 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ 35 പേർ കുട്ടികളും 58 പേർ സ്ത്രീകളുമാണെന്ന് ലബനാൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രായേലിന് തിരിച്ചടിയായി ഗലീലി, ഹൈഫ നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങളിലേക്ക് ഉൾപ്പെടെ റോക്കറ്റാക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
2006നുശേഷം ലബനാനിനുനേരെയുണ്ടായതിൽ ഒരുദിവസം ഏറ്റവും കൂടുതലാളുകൾ കൊല്ലപ്പെട്ട ആക്രമണമാണിത്. സംഭവത്തെ യുദ്ധ പ്രഖ്യാപനമെന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുല്ലയുടെ തുറന്ന യുദ്ധപ്രഖ്യാപനം. വടക്കൻ അതിർത്തിയിൽ ഇസ്രായേൽ സേനാവിന്യാസം ശക്തമാക്കിയതും ടാങ്കുകൾ സജ്ജീകരിച്ചതും കടന്നുകയറ്റം സംബന്ധിച്ച സൂചന നൽകുന്നുണ്ട്. എന്നാൽ, കരയാക്രമണം ഉദ്ദേശിക്കുന്നില്ലെന്നാണ് ഇസ്രായേൽ പറയുന്നത്. യുദ്ധവ്യാപനം ഒഴിവാക്കാൻ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.