‘ഹനിയ്യയെ വധിച്ചതിന് തിരിച്ചടി രാജ്യത്തിന്‍റെ അവകാശം’; യൂറോപ്യൻ നേതാക്കളുടെ സംയമന ആഹ്വാനം തള്ളി ഇറാൻ
text_fieldsജറൂസലം: ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേലിനെതിരെ തിരിച്ചടി അരുതെന്നും സംയമനം പാലിക്കണമെന്നുമുള്ള യൂറോപ്യൻ നേതാക്കളുടെ ആഹ്വാനം തള്ളി ഇറാൻ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലഫ് ഷുൾസ്, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് തിങ്കളാഴ്ച ആവശ്യമുന്നയിച്ചിരുന്നത്. ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തെഹ്റാനിൽ ഹനിയ്യയെ വധിച്ചതിന് തിരിച്ചടി രാജ്യത്തിന്റെ അവകാശമാണെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‍കിയാൻ പറഞ്ഞു. ഭാവിയിൽ ഇത്തരം കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തടയാൻ ഇത് ആവശ്യമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കി. ജൂലൈയിൽ തെഹ്റാനിൽ പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ ഹനിയ്യയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. അതിനൊപ്പം ലബനാനിൽ ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്റും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
സംഘർഷ സാധ്യത മുൻനിർത്തി മേഖലയിൽ അമേരിക്ക സൈനിക വിന്യാസം ശക്തിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ യുദ്ധക്കപ്പലുകളും അന്തർവാഹിനിയും മേഖലയിൽ വിന്യസിച്ച യു.എസ് ഇസ്രായേലിന് പ്രതിരോധമൊരുക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ തിരിച്ചടിയിൽനിന്ന് വിട്ടുനിൽക്കാമെന്ന നിലപാടും ഇറാൻ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
അതിനിടെ, കഴിഞ്ഞ ദിവസം രാത്രി ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ നാല് സ്ത്രീകളും ഏഴ് കുട്ടികളുമടക്കം 16 പേർ കൊല്ലപ്പെട്ടു. സമാനതകളില്ലാത്ത ഇസ്രായേൽ വംശഹത്യയിൽ ഇതോടെ മരണം 40,000ത്തോളം എത്തിയിട്ടുണ്ട്. ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് 10 പേരുടെ മരണം. ഇവിടെ നാല് കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്. ദെയ്ർ അൽബലഹിലെ ബോംബിങ്ങിൽ ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളുമടക്കം നാലുമരണം സ്ഥിരീകരിച്ചു. മറ്റൊരു സംഭവത്തിൽ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ ഒരു ബന്ദി കൂടി കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
മറ്റൊരു സംഭവത്തിൽ സിറിയയുടെ കിഴക്കൻ മേഖലയിൽ യു.എസ് പിന്തുണയോടെ പ്രവർത്തിക്കുന്ന മിലീഷ്യകൾ നടത്തിയ ആക്രമണത്തിൽ 18 മരണം. ഔദ്യോഗിക സർക്കാറിനു കീഴിലെ സൈനിക പോസ്റ്റുകളിൽ നടന്ന ആക്രമണത്തിലാണ് നിരവധി പേർ കൊല്ലപ്പെട്ടത്. എണ്ണ സമ്പന്നമായ ദെയ്ർ അൽസൂർ പ്രവിശ്യയിൽ ഇപ്പോഴും ഭരണം ഔദ്യോഗിക സർക്കാറിനു കീഴിലല്ല. വർഷങ്ങളായി പ്രവിശ്യ തിരിച്ചുപിടിക്കുമെന്ന് പ്രസിഡന്റ് ബശ്ശാറുൽ അസദ് പ്രഖ്യാപനം തുടരുന്നുണ്ടെങ്കിലും പ്രയോഗത്തിലാക്കാനായിട്ടില്ല. ഐ.എസിനെതിരെ ചെറുത്തുനിൽപ്പെന്ന പേരിലാണ് യു.എസ് സേന ഇവിടെ നിലയുറപ്പിച്ചിട്ടുള്ളത്. അവരുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ദെയ്ർ അൽസൂർ സൈനിക കൗൺസിലാണ് ആക്രമണത്തിനുപിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.