റഈസിയുടെ മരണം: ഇറാൻ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു; ‘പൈലറ്റ് ഒന്നര മിനിറ്റ് മുമ്പ് മറ്റ് കോപ്ടറുകളുമായി ബന്ധപ്പെട്ടിരുന്നു’
text_fieldsതെഹ്‌റാൻ: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ടു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ വെടിയുണ്ടകളോ സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് സിൻഹുവ ഏജൻസി നൽകിയ വാർത്തയിൽ പറയുന്നു.
സാങ്കേതിക വിദഗ്ധർ അടങ്ങുന്ന മുതിർന്ന അന്വേഷണ സമിതി തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു. ഹെലികോപ്ടർ റൂട്ടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഗതിയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വാച്ച് ടവറും ഫ്ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വിശദ വിവരങ്ങൾ നൽകുമെന്നും സായുധ സേന മേധാവി പറഞ്ഞു.
തകർന്ന ഹെലികോപ്ടറിന്റെ പൈലറ്റ് സംഭവത്തിന് ഏകദേശം ഒന്നര മിനിറ്റ് മുമ്പ് പ്രസിഡന്റിന്റെ ഹെലികോപ്ടർ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മേഖലയിലെ സങ്കീർണതയും മൂടൽമഞ്ഞും താഴ്ന്ന താപനിലയും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വൈകാൻ കാരണമായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 5 മണിക്കാണ് ഡ്രോണുകളുടെ സഹായത്തോടെ സംഭവത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മേയ് 12ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇറാന്‍റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്‍റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറുമുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ൈഫ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.