ഇസ്മാഈൽ ഹനിയ്യ വധം: ഇറാൻ സൈനിക ഉദ്യോഗസ്ഥരടക്കം നിരവധി പേർ അറസ്റ്റിൽ
text_fieldsതെഹ്റാൻ: ഹമാസ് മുതിർന്ന നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ രാജ്യത്തെ ഉയർന്ന പദവിയിലുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥരടക്കം 22 പേരെ അറസ്റ്റ് ചെയ്ത് ഇറാൻ. മുതിർന്ന സൈനിക ഉദ്യോഗസ്ഥരും തെഹ്റാനിലെ സൈനിക ഗെസ്റ്റ് ഹൗസിലെ ജീവനക്കാരും അറസ്റ്റിലായവരിൽ ഉൾപ്പെടും. തലസ്ഥാനമായ തെഹ്റാന്റെ സുരക്ഷ ചുമതലയുണ്ടായിരുന്നവരെയും ചോദ്യംചെയ്തു. വിശദമായ അന്വേഷണത്തിനും ചോദ്യംചെയ്യലിനുമായി നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇസ്‍ലാമിക് റെവലൂഷനറി ഗാർഡ് സേനയുടെ (ഐ.ആർ.ജി.സി) ചാരവൃത്തി സംബന്ധിച്ച പ്രത്യേക രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. കൊലപാതകത്തിന് ഉത്തരവാദികളെ കണ്ടെത്താൻ സംശയിക്കുന്നവരെയെല്ലാം അന്വേഷണ സംഘം ചോദ്യംചെയ്യുന്നുണ്ട്.
ഇസ്രായേൽ ചാരസംഘടനയായ മൊസാദ് ഇറാന്റെ സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്താൽ ഹനിയ്യ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെന്നാണ് സൂചന. ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ബോംബ് സ്ഫോടനത്തിൽ ഹനിയ്യ കൊല്ലപ്പെട്ടത്. സംഭവം കനത്ത രഹസ്യാന്വേഷണ, സുരക്ഷ വീഴ്ചയായാണ് ഇറാൻ കാണുന്നത്. ഹനിയ്യ താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസിൽ ഇറാൻ സുരക്ഷാസേന പരിശോധന നടത്തി. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും സി.സി.ടി.വി കാമറ ദൃശ്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തു. ഗെസ്റ്റ് ഹൗസിലെ അതിഥികളെക്കുറിച്ചുള്ള പട്ടികയും പിടിച്ചെടുത്തിട്ടുണ്ട്. ഹനിയ്യ ഇറാനിൽ വരുമ്പോഴെല്ലാം താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസ് ഐ.ആർ.ജി.സിയുടെതാണ്. ഹനിയ്യ വധം ഇസ്രായേൽ ആസൂത്രണം ചെയ്തതാണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്. ഈ ആരോപണത്തിൽ കഴമ്പുണ്ടെന്നാണ് യു.എസ് ഉദ്യോഗസ്ഥരും പറയുന്നത്. അതേസമയം, ഹമാസിനെ പൂർണമായും തുടച്ചുനീക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന ഇസ്രായേൽ ഇതുവരെ ഹനിയ്യ വധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
മേയിൽ ഇറാൻ മുൻ പ്രസിഡന്റ് ഇബ്രാഹീം റഈസിയുടെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാൻ തെഹ്റാനിലെത്തുമ്പോൾ ഹനിയ്യയെ വധിക്കാനായിരുന്നു ഇസ്രായേൽ നേരത്തേ പദ്ധതിയിട്ടിരുന്നത്. എന്നാൽ, ചടങ്ങിലെ ജനബാഹുല്യം കാരണം പരാജയ സാധ്യത മുന്നിൽക്കണ്ട് പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് രണ്ട് ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ബ്രിട്ടനിലെ ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു. മൊസാദിന്റെ നിർദേശപ്രകാരം രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ ഗെസ്റ്റ് ഹൗസിലെ മൂന്ന് മുറികളിലാണ് സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിരുന്നത്. രാജ്യത്തും പുറത്തും ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷ ചുമതലയുള്ള അൻസാർ അൽമഹ്ദി വിഭാഗം ഉദ്യോഗസ്ഥരെയാണ് ഹനിയ്യയെ വധിക്കാൻ മൊസാദ് വിലക്കെടുത്തതെന്നാണ് ഐ.ആർ.ജി.സിയുടെ നിഗമനം. 2020ൽ മുതിർന്ന ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫക്രിസാദെ ഉൾപ്പെടെ ഉറാന്റെ നിരവധി ശാസ്ത്ര, സൈനിക തലവന്മാരെ ഇസ്രായേൽ മുമ്പ് കൊലപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.