സിൻവാറിന്റെ രക്തസാക്ഷിത്വം ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുമെന്ന് ഇറാൻ
text_fieldsതെഹ്റാൻ: ഹമാസ് തലവൻ യഹിയ സിൻവാറിന്റെ മരണം ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തിപ്പെടുത്തുമെന്ന് ഇറാൻ. യുദ്ധമുഖത്ത് നിൽക്കുമ്പോഴാണ് സിൻവാർ രക്തസാക്ഷിയായത്. സിൻവാറിനെ ഇസ്രായേൽ കൊലപ്പെടുത്തുമ്പോൾ അദ്ദേഹം ഒളിയിടത്തിലായിരുന്നില്ല. ഇത് ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പ് ശക്തമാക്കുമെന്ന് യു.എന്നിലേക്കുള്ള ഇറാൻ മിഷൻ എക്സിൽ കുറിച്ചു.
ഫലസ്തീന്റെ വിമോചനത്തിനായി പോരാടുന്ന യുവാക്കൾക്കും കുട്ടികൾക്കും മാതൃകയാണ് യഹിയ സിൻവാറിന്റെ ജീവിതം. അധിനിവേശവും ആക്രമണവും നിലനിൽക്കുന്നിടത്തോളം പ്രതിരോധവും നിലനിൽക്കും. രക്തസാക്ഷി എക്കാലത്തും പ്രചോദനത്തിന്റെ ഉറവിടമായി തുടരുമെന്നും ഇറാൻ വ്യക്തമാക്കി.
ഇന്നലെ നടത്തിയ ആക്രമണത്തിൽ ഹമാസ് മേധാവി യഹ്‍യ സിൻവാറിനോട് സാമ്യമുള്ളയാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചിരുന്നു. എന്നാൽ, ഹമാസ് പ്രതികരിച്ചിട്ടില്ല. മരിച്ചത് അദ്ദേഹമാണോ എന്ന് ഡി.എൻ.എ പരിശോധന നടത്തുമെന്ന് ഇസ്രായേൽ പ്രതിരോധ സേനയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നവർക്ക് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ മരിച്ചതായും സൈന്യം കെട്ടിടത്തിൽ പ്രവേശിച്ചപ്പോൾ മരിച്ചവരിലൊരാൾക്ക് സിൻവാറിന്റെ മുഖച്ഛായ ഉണ്ടെന്നുമാണ് ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. സ്ഥിരീകരിക്കാൻ മണിക്കൂറുകൾ എടുക്കുമെന്നും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നേരത്തെ ബന്ദികളെ മനുഷ്യകവചമാക്കിയാണ് സിൻവാർ കഴിയുന്നതെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. എന്നാൽ, ബന്ദികളൊന്നും സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മരിച്ചത് ആരാണെന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഐ.ഡി.എഫ് പ്രസ്താവനയിൽ പറയുന്നു. തകർത്ത കെട്ടിടത്തിന് സമീപം ഐഡിഎഫ്, ഷിൻ ബെത്ത് സേനകൾ നിലയുറപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.