ഏകാധിപത്യം തുലയട്ടെ...ഇറാനിൽ മഹ്സ അമിനിയുടെ 40ാം ചരമ ദിനം ആചരിക്കാനെത്തിയവർക്ക് നേരെ വെടിവെപ്പ്
text_fieldsതെഹ്റാൻ: ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച മഹ്സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാനെത്തിയവർക്കു നേരെ സുരക്ഷ സേനയുടെ വെടിവെപ്പ്. കുർദ് നഗരമായ സാക്വസിലെ അമിനിയുടെ ഖബറിനരികെ തടിച്ചുകൂടിയ പതിനായിരത്തോളം ആളുകൾക്കെതിരെയാണ് സൈന്യം വെടിയുതിർത്തത്. സെപ്റ്റംബർ 16നാണ് 22 കാരിയായ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ചാണ് അമിനിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് രാജ്യത്തുടനീളം സർക്കാരിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. മുടിമുറിച്ചും ശിരോവസ്ത്രം വലിച്ചെറിഞ്ഞുമാണ് സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
അമിനിയുടെ ഖബറിടത്തിലെത്തിയ നിരവധിയാളുകളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഒട്ടേറെ പേരെ അറസ്റ്റ് ചെയ്തു.''ഏകാധിപത്യം തുലയട്ടെ,' 'സ്വാതന്ത്ര്യം, സ്വാതന്ത്ര്യം, സ്വാതന്ത്ര്യം''തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ശിരോവസ്ത്രം ഊരി നൂറുകണക്കിനു സ്ത്രീകളും പ്രതിഷേധിച്ചിരുന്നു. ശിരോവസ്ത്രമില്ലാതെ കാറിന്റെ മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുന്ന സ്ത്രീയുടെ ചിത്രം വൈറലായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷ സെന കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഇറാനിലെ മറ്റു നഗരങ്ങളിലും അമിനി അനുസ്മരണ ചടങ്ങ് നടന്നു. പലയിടത്തും പ്രക്ഷോഭകരും പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭ സാധ്യത കണക്കിലെടുത്ത് കോളജുകൾക്കും സർവകലാശാലകൾക്കും അവധി നൽകിയിരുന്നു. അമിനിയുടെ കസ്റ്റഡി മരണത്തിനു പിന്നാലെ ഇറാനിലുടനീളം തുടരുന്ന പ്രക്ഷോഭത്തിൽ 250ലേറെ പേർ കൊല്ലപ്പെട്ടു. 600ലേറെ ആളുകൾ അറസ്റ്റിലാവുകയും ചെയ്തു. ഇവരുടെ വിചാരണ ഉടൻ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.