‘അമേരിക്കക്കാർക്ക് ഇസ്രായേലിനോട് വെറുപ്പ്, അവസാനമില്ലാത്ത യുദ്ധങ്ങൾ മതിയായി’: ഇറാൻ വിദേശകാര്യമന്ത്രി
text_fieldsഅബ്ബാസ് അറാഗ്ചി
തെഹ്‌റാൻ: ഇസ്രായേലുമായുള്ള അമേരിക്കയുടെ അടുത്ത ബന്ധത്തെയും പശ്ചിമേഷ്യയിലെ തുടർച്ചയായ സൈനിക ഇടപെടലുകളെയും രൂക്ഷമായി വിമർശിച്ച് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി. അമേരിക്കൻ ജനതക്ക് ഇസ്രായേലിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി നടത്തുന്ന യുദ്ധങ്ങളോട് കടുത്ത മടുപ്പാണെന്നും തുടർച്ചയായ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു. അവസാനമില്ലാത്ത യുദ്ധങ്ങൾ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അറാഗ്ചി അമേരിക്കൻ ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിച്ചത്.
തിങ്കളാഴ്ച എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് അറാഗ്ചി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അഭിമുഖത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി വാഷിങ്ടണിനെതിരെ രംഗത്തെത്തിയത്. സി.ബി.എസിന്റെ പ്രശസ്തമായ '60 മിനിറ്റ്സ്' പരിപാടിയിൽ ട്രംപ് നൽകിയ അഭിമുഖത്തിലെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
അഭിമുഖത്തിൽ, യുദ്ധത്തോടും അതിനെത്തുടർന്നുണ്ടായ പെട്രോൾ വിലവർധനയോടും അമേരിക്കൻ വോട്ടർമാർക്ക് കടുത്ത എതിർപ്പാണെന്ന് ട്രംപ് സമ്മതിച്ചിരുന്നു. യുദ്ധത്തിനെതിരെ ജനങ്ങൾക്കിടയിൽ അസാധാരണമായ തോതിലുള്ള വിരോധമുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
ഈ അഭിമുഖ രംഗങ്ങൾ ചൂണ്ടിക്കാട്ടിയാണ് അറാഗ്ചി വാഷിങ്ടണും ജറുസലേമും തമ്മിലുള്ള ബന്ധത്തെ കടുത്ത ഭാഷയിൽ കടന്നാക്രമിച്ചത്. അമേരിക്കൻ ജനതയിൽ ഭൂരിഭാഗവും ഇസ്രായേലിന്റെ നടപടികളിൽ അസംതൃപ്തരാണെന്ന കാര്യം ട്രംപിന് വ്യക്തമായി അറിയാമെന്നും എന്നാൽ അതിന്റെ കാരണങ്ങൾ മനസ്സിലാക്കുന്നതിൽ അദ്ദേഹം ആശയക്കുഴപ്പത്തിലാണെന്നും അറാഗ്ചി പരിഹസിച്ചു. അമേരിക്കൻ ഭരണകൂടങ്ങളെ ഇസ്രായേൽ തുടർച്ചയായ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുന്നതിൽ ജനങ്ങൾ മടുത്തിരിക്കുകയാണ്. അമേരിക്കക്ക് മാത്രമല്ല, പശ്ചിമേഷ്യൻ മേഖലക്കും ഇത്തരം യുദ്ധങ്ങൾ മതിയായെന്നും അദ്ദേഹം കുറിച്ചു.
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് അറാഗ്ചിയുടെ ഈ വിമർശനം. അതേസമയം, ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ട്രംപ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള ചർച്ചകൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകുകയും ശക്തമായ ഒരു കരാറിൽ ഇരുരാജ്യങ്ങളും എത്തിച്ചേരുകയും ചെയ്താൽ പുതിയ ആക്രമണങ്ങളുടെ ആവശ്യമുണ്ടാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. എന്നാൽ സൈനിക നടപടിയുടെ സാധ്യത പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല.
സി.എൻ.എന്നിന് നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരെ അമേരിക്ക ഇതിനകം ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്നും അതിനാൽ കൂടുതൽ സൈനിക നടപടികൾ ആവശ്യമായി വരാനുള്ള സാധ്യത കുറവാണെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുകയും ഹുർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കുകയും ചെയ്യുന്ന ശക്തമായ കരാറിൽ ഇറാൻ ഒപ്പുവെക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും തുടർനടപടികളെന്നും ട്രംപ് പറഞ്ഞു.
ഇറാനിലെ നിർണായക അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ഇതിനകം പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. വൈദ്യുതി നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമണലക്ഷ്യങ്ങളുടെ പട്ടികയിലുണ്ടെന്നാണ് ട്രംപിന്റെ അവകാശവാദം. ഒരു മണിക്കൂറിനുള്ളിൽ 38 പാലങ്ങൾ തകർക്കാൻ അമേരിക്കക്ക് കഴിയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.

