ഇറാൻ എണ്ണക്കപ്പൽ സിറിയയിലേക്ക്; ലംഘിക്കപ്പെടുന്നത് ഇരട്ട ഉപരോധം- മുൾമുനയിൽ പശ്ചിമേഷ്യ
text_fieldsഡമസ്കസ്: സിറിയയിൽ എണ്ണ ഇറക്കുമതിക്കും ഇറാന് കയറ്റുമതിക്കും ഉപരോധമേർപെടുത്തിയ യു.എസിനെ ഞെട്ടിച്ച് ഇറാനിൽനിന്ന് എണ്ണ വഹിച്ചുള്ള കപ്പൽ സിറിയൻ തുറമുഖമായ ബനിയാസിലേക്ക്. വരുംദിവസം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.
ഇറാനും സിറിയക്കുമെതിരെ അമേരിക്ക ഏറെയായി ഏർപെടുത്തിയ കടുത്ത വ്യാപാര ഉപരോധം തുടരുകയാണ്. ഇതുപ്രകാരം സിറിയക്ക് ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. എണ്ണ സമ്പന്നമായ ഇറാന് കയറ്റുമതിയും പാടില്ല. കടുത്ത പ്രതിസന്ധിയിൽ ഉഴലുന്ന സിറിയയിലേക്ക് എണ്ണ എത്താത്ത സ്ഥിതി തുടരുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇറാൻ ടാങ്കർ പുറപ്പെട്ടത്. എന്നാൽ, ഉപരോധങ്ങൾ മറികടന്ന് എണ്ണ ടാങ്കർ എത്തുന്നത് രാജ്യത്തിന് പുതുനിശ്വാസം പകരുന്നതാണെന്ന് ലബനാനിലെ രാഷ്ട്രീയ കക്ഷി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. ഇറാനുമായി ഏറെ അടുത്തുനിൽക്കുന്ന പാർട്ടിയാണ് ഹസൻ നസ്റുല്ല നേതൃത്വം നൽകുന്ന ഹിസ്ബുല്ല.
കപ്പലിനെതിരെ യു.എസ് ആക്രമണം നടത്തിയാൽ പുതിയ സംഘർഷത്തിലേക്ക് നീങ്ങുമെന്നിരിക്കെ ഉപരോധം ഇനിയും തുടരുമോ എന്ന ആശങ്ക നിലനിൽക്കുകയാണ്. നേരത്തെ ട്രംപ് പിൻവലിച്ച ഇറാൻ ആണവ കരാർ വീണ്ടും ഒപ്പുവെക്കാൻ ഒരുവശത്ത് ഇറാനുമായി ശ്രമങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. സിറിയയാകട്ടെ, ഒരു പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തിൽനിന്ന് പതിയെ കരകയറാൻ പാടുപെടുന്ന ഘട്ടവും. ഇതിനിടയിൽ രണ്ടു രാജ്യങ്ങളെയും വീണ്ടും ആക്രമണത്തിലേക്ക് നയിക്കുന്നതാകും എണ്ണക്കപ്പലിനെതിരെ ആക്രമണം.
സൂയസ് കനാൽ കടന്ന് സിറിയയിലേക്ക് നീങ്ങാനൊരുങ്ങുന്ന കപ്പലിനു നേരെ എന്തു നടപടി സ്വീകരിക്കുമെന്ന് യു.എസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ബനിയാസ് തുറമുഖത്ത് ഇറക്കുന്ന എണ്ണ സിറിയയിൽ എല്ലായിടത്തും വിതരണം ചെയ്യാനാണ് പദ്ധതി. തൊട്ടുപിറകെ രണ്ടു ഇറാൻ എണ്ണക്കപ്പലുകൾ കൂടി സിറിയയിലേക്ക് പുറപ്പെടും. ഹിസ്ബുല്ലയുടെ ആവശ്യം മുൻനിർത്തിയാണ് ഇറാൻ എണ്ണക്കപ്പൽ സൂയസ് കടന്ന് സിറിയയിലേക്ക് പുറപ്പെടുന്നതെന്ന് അമേരിക്ക പറയുന്നു.
ഇറാനെ ഒഴിവാക്കി ഈജിപ്തിൽനിന്ന് ഇറക്കുമതിക്ക് അനുമതി നൽകാൻ നേരത്തെ യു.എസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ആ പദ്ധതി ഇതുവരെ മുന്നോട്ടുപോയിട്ടില്ല.
ഇറാൻ എണ്ണ ലബനാന് നൽകുന്നതിൽ ഇസ്രായേൽ നേരത്തെ എതിർപ്പ് പരസ്യമാക്കിയിരുന്നു. ഇറാനും ഇസ്രായേലും പ്രദേശത്തെ കടലുകളിൽ പരസ്പരം കപ്പലുകൾക്കെതിരെ നിഴൽ ആക്രമണം നടത്തുന്ന സംഭവങ്ങൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.