ചെങ്കടലിൽ ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം; പിന്നിൽ ഇസ്രായേലെന്ന് സൂചന
text_fieldsടെഹ്റാൻ: യെമനിനോട് ചേർന്ന് ചെങ്കടലിൽ വർഷങ്ങളായി നങ്കൂരമിട്ട ഇറാൻ ചരക്കുകപ്പലിനു നേരെ ആക്രമണം. അർധ സൈനിക റവലൂഷനറി വിഭാഗത്തിന്‍റെ താവളമായി ഉപയോഗിച്ചുവന്നതെന്നു കരുതുന്ന എം.വി സാവിസിനു നേരെ ഇസ്രായേലാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു. ഇറാനും ലോക വൻശക്തികളും ആണവ കരാർ ചർച്ച പുനരാരംഭിച്ച ചൊവ്വാഴ്ച തന്നെയാണ് കപ്പലും ആക്രമിക്കപ്പെട്ടത്.
യെമൻ തീരത്ത് കപ്പലിന്‍റെ സാന്നിധ്യത്തിനെതിരെ അറബ് രാഷ്ട്രങ്ങൾ ശക്തമായി രംഗത്തുണ്ടായിരുന്നു. യെമനിലെ ഹൂതി വിമതർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയത് ഈ കപ്പൽ വഴിയാണെന്നും ആരോപണമുണ്ടായിരുന്നു.
എന്നാൽ, ചെങ്കടലിനും ബാബുൽ മൻദബ് കടലിടുക്കിനുമിടയിൽ കടൽക്കൊള്ളയുടെ സാധ്യത അവസാനിപ്പിക്കാനാണ് കപ്പൽ നങ്കൂരമിട്ടതെന്നാണ് ഇറാൻ പ്രതികരണം.
ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചതായി യു.എസ് പത്രം ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്തു. സാവിസ് കപ്പലിനു മുകളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചതായി വ്യക്തമാക്കിയ ഇറാൻ വാർത്ത ഏജൻസി കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് വ്യക്തമാക്കി.
സർക്കാറിനു കീഴിലെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ഷിപ്പിങ് ലൈൻസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള മാവിസ് കപ്പൽ 2016ലാണ് ചെങ്കടലിലെത്തിയത്. പരിസരങ്ങളിൽ തുടരുന്ന കപ്പലിൽ ഇടവിട്ട് അവശ്യ വസ്തുക്കൾ എത്തിക്കുന്നതായാണ് റിപ്പോർട്ട്. കപ്പലിനെതിരെ 2015 വരെ രാജ്യാന്തര ഉപരോധം നിലനിന്നിരുന്നു. ഇറാൻ ആണവ കരാർ നിലവിൽ വന്നതോടെയാണ് ഇളവ് ലഭിച്ചത്. ട്രംപ് ഭരണകാലത്ത് കപ്പൽ വീണ്ടും ഉപരോധ പരിധിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.