'ഇറാനിയൻ' എന്ന വാക്ക് ട്വിറ്ററിൽ ട്രെൻഡിങ്ങാണ് ഇപ്പോൾ... കാരണമറിയാം
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിനുശേഷം ട്വിറ്ററിൽ ട്രെൻഡിങ്ങാണ് 'ഇറാനിയൻ' എന്ന വാക്ക്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് ശേഷം ബൈഡൻ വൈറ്റ് ഹൗസിൽ സംസാരിക്കവെ അബദ്ധത്തിലാണ് ഇറാനിയൻ എന്ന വാക്കുപയോഗിച്ചത്.
'യുക്രെയ്നിയൻ' എന്നതിനുപകരമായിരുന്നു ബൈഡൻ ഇറാനിയൻ എന്ന് ഉച്ചരിച്ചത്. അതോടെ ഇറാനിയൻ എന്ന വാക്ക്ട്വിറ്ററിലും സോഷ്യൽ മീഡിയയിലും ട്രെൻഡിങ്ങായി മാറുകയായിരുന്നു. 'കിയവിനെ ടാങ്കുകൾ കൊണ്ട് വളയാൻ പുടിന് കഴിയമായിരിക്കാം. എന്നാൽ ഇറാനിയൻ ജനതയുടെ ഹൃദയം കവരാൻ പുടിന് കഴിയില്ല.' ഇതായിരുന്നു ബൈഡൻ പറഞ്ഞത്. അമേരിക്കൻ പ്രസിഡന്‍റിന്‍റെ നാക്കുപിഴയാണ് ഇപ്പോൾ ലോകം ശ്രദ്ധിക്കുന്നത്.
79കാരനായ ബൈഡന് പൊതുപരിപാടിക്കിടെ ആദ്യമായല്ല അബദ്ധം സംഭവിക്കുന്നത്. ബാല്യകാലത്ത് ചെറിയ തോതിൽ സംസാരവൈകല്യം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു ബൈഡൻ. വിക്കിനെ മറികടക്കാൻ ഇംഗ്ലീഷ് കവികളായ യീറ്റ്സിന്‍റെയും എമേഴ്സന്‍റെയും പദ്യശകലങ്ങൾ മണിക്കൂറുകളോളം ചൊല്ലിപഠിക്കുന്നത് അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. അങ്ങനെയാണ് തന്‍റെ വൈകല്യത്തെ അദ്ദേഹം മറികടന്നത്.
കഴിഞ്ഞ വർഷം വൈസ് പ്രസിഡന്‍റ് കമല ഹാരിസിനെ പ്രസിഡന്‍റ് ഹാരിസ് എന്ന് സംബോധന ചെയ്തതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്തിരുന്നു.
അതേസമയം, യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ തന്‍റെ രാജ്യം സൈന്യത്തെ അണിനിരത്തില്ലെന്ന് ബൈഡൻ ആവർത്തിച്ചു. അധിനിവേശത്തിലൂടെ സ്വതന്ത്ര ലോകം എന്ന സങ്കൽപ്പത്തെ തകിടം മറിക്കുന്ന പ്രവർത്തിയാണ് പുടിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ബൈഡൻ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.