'യു.എസിന് 'ഇറാനോഫോബിയ'; ബൈഡന്‍ മിഡില്‍ ഈസ്റ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നു'
text_fieldsടെഹ്‌റാന്‍: യു.എസിനെതിരേ രൂക്ഷ വിമർശനവുമായി ഇറാൻ. ബൈഡനും അമേരിക്കക്കും 'ഇറാനോഫോബിയ' ആണെന്നും മിഡില്‍ ഈസ്റ്റില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസെര്‍ കനാനി പറഞ്ഞു. യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഇറാന്റെ പ്രതികരണം.
യു.എസിന് ഇറാനോഫോബിയയാണെന്നും അതുപയോഗിച്ച് മിഡില്‍ ഈസ്റ്റില്‍ ഉടനീളം സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഇറാന്‍ വക്താവ് ആരോപിക്കുന്നു. 'ഇറാനോഫോബിയ എന്ന പരാജയപ്പെട്ട പോളിസിയെ ആശ്രയിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് യു.എസ്'-നാസെര്‍ കനാനി പറയുന്നു.
യു.എസ് പ്രസിഡന്റായി അധികാരമേറ്റ ശേഷമുള്ള ജോ ബൈഡന്റെ ആദ്യ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനം ജൂലൈ 16 ശനിയാഴ്ചയായിരുന്നു അവസാനിച്ചത്. നാല് ദിവസം നീളുന്ന സന്ദര്‍ശനമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണവും പുറത്തുവരുന്നത്.
മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇസ്രഈല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി യായ്ര്‍ ലാപിഡുമായി ചേര്‍ന്ന് ഇറാന്‍ വിരുദ്ധ ആണവ പ്രസ്താവനയില്‍ ബൈഡന്‍ ഒപ്പുവെച്ചിരുന്നു.
ലാപിഡുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു ഇരു നേതാക്കളും സംയുക്തമായി ഇറാന്‍ വിരുദ്ധ ആണവ പ്രസ്താവനയില്‍ ഒപ്പുവെച്ചത്. ഇറാന്റെ ആണവകരാറിനും പദ്ധതികള്‍ക്കും എതിരായാണ് ഈ പ്രസ്താവന.
പിന്നാലെ സൗദി സന്ദര്‍ശിച്ച സമയത്ത്, 'ചൈനക്കോ റഷ്യക്കോ ഇറാനോ നികത്താന്‍ പാകത്തില്‍ യു.എസ് മിഡില്‍ ഈസ്റ്റില്‍ ഒരു ശൂന്യത അവശേഷിപ്പിക്കില്ലെന്നും പ്രദേശത്തുനിന്ന് ഒരിക്കലും പിന്മാറില്ലെന്നും എന്ന് ബൈഡന്‍ പറഞ്ഞിരുന്നു. സൗദിയിലെ ജിദ്ദയില്‍ ജി.സി.സി- അറബ് നേതാക്കള്‍ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ബൈഡന്റെ ഈ പ്രസ്താവന. ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി) ആറ് അംഗങ്ങളും ഈജിപ്ത്, ജോർദാൻ, ഇറാഖ് എന്നിവരും ജിദ്ദയിൽ നടന്ന ഉച്ചകോടിയിൽ പങ്കെടുത്തു.
ഉക്രൈനില്‍ ആക്രമണം നടത്താന്‍, റഷ്യക്ക് ഡ്രോണുകള്‍ നല്‍കി സഹായിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നുണ്ടെന്നും നേരത്തെ യു.എസ് ആരോപിച്ചിരുന്നു. 'അണുബോംബ് വര്‍ഷിച്ച ആദ്യത്തെ രാജ്യം അമേരിക്കയാണ്. യു.എസ് മറ്റ് രാജ്യങ്ങളുടെ കാര്യങ്ങളില്‍ നിരന്തരം ഇടപെടുകയും സായുധ ആക്രമണങ്ങള്‍ ആരംഭിക്കുകയും മിഡില്‍ ഈസ്റ്റ് മേഖലയിലുടനീളം വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റഴിക്കുകയും ചെയ്തു'-ഇറാന്‍ വക്താവ് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ശത്രുരാജ്യമായ ഇസ്രഈലിന് യു.എസ് തുടര്‍ച്ചയായി സഹായങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും പ്രസ്താവനയില്‍ പറയുന്നുണ്ട്. 'ഫലസ്തീനില്‍ തുടര്‍ച്ചയായി അധിനിവേശം നടത്തുന്നതിലും, ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈലി ഭരണകൂടം ദിവസേന നടത്തുന്ന കുറ്റകൃത്യങ്ങള്‍ക്കുമുള്ള പ്രധാന സഹായം ലഭിക്കുന്നത് യു.എസില്‍ നിന്നാണ്'-നാസെര്‍ കനാനി കൂട്ടിച്ചേര്‍ത്തു. തങ്ങൾ ആണവായുധങ്ങൾ നിർമിക്കില്ലെന്നും പതിറ്റാണ്ടുകളായി ഇസ്രായേലിന്റെ ആണവ പദ്ധതിക്ക് നേരെ കണ്ണടക്കുന്ന അമേരിക്കയുടെ നിലപാട് തെറ്റാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.