ഇസ്രായേലിന് കയ്പ്പേറിയ, സങ്കൽപിക്കാനാവാത്ത തിരിച്ചടി നൽകും -ഇറാൻ സൈനിക മേധാവി
text_fieldsതെഹ്റാൻ: ഇസ്രായേലിന് കയ്പ്പേറിയ, സങ്കൽപിക്കാനാവാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് മേധാവി ഹുസൈൻ സലാമി. ശനിയാഴ്ച തങ്ങൾക്ക് നേരെ നടത്തിയ ആക്രമണം ഇസ്രായേലിന്റെ വൻ പരാജയമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസ്രായേൽ ഉദ്ദേശിച്ച അപകടകരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പൂർണ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നുവെന്നും അവർ നിസ്സഹായരാണെന്നും തെളിയിക്കുന്നതാണ് ആക്രമണമെന്നും ഹുസൈൻ സലാമി കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രായേൽ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കാൻ ലഭ്യമായ എല്ലാ സംവിധാനവും തങ്ങൾ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗാഈ മുന്നറിയിപ്പ് നൽകി. ‘സയണിസ്റ്റ് ഭരണകൂടത്തിന് കൃത്യവും ഫലപ്രദവുമായ മറുപടി നൽകാൻ ലഭ്യമായ എല്ലാ സംവവിധാനവും ഇറാൻ ഉപയോഗിക്കും’-പ്രതിവാര ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ ബഗാഈ വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിന്റെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഇറാൻ്റെ പ്രത്യാക്രമണമെന്നും കൂടുതൽ വിശദീകരിക്കാതെ ബഗാഈ പറഞ്ഞു.
ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റുല്ലയെയും ഹമാസ് മേധാവി ഇസ്മാഈൽ ഹനിയ്യയെയും വധിച്ചതിനുള്ള തിരിച്ചടിയായി ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. 180ലധികം മിസൈലുകളാണ് ഇറാൻ അന്ന് അയച്ചത്. ഇതിന് പകരമായാണ് ഏകദേശം നാലാഴ്ചക്ക് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ഇറാന് നേരെ വ്യോമാക്രമണം നടത്തിയത്. ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ നിർമ്മാണ, വിക്ഷേപണ സൈറ്റുകൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ തുടങ്ങിയ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് തിരിച്ചടിയെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടത്. ആക്രമണത്തിൽ ഇതുവരെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാനും മുന്നറിയിപ്പ് നൽകിയിരുന്നു. “ഞങ്ങൾ യുദ്ധത്തിനില്ല, എന്നാൽ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നൽകും. ഇസ്രായേൽ ആക്രമണം തുടർന്നാൽ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും” -പെസശ്കിയാൻ വ്യക്തമാക്കി. ഇസ്രായേലിന് കുറ്റകൃത്യങ്ങൾ നടത്താനുള്ള സഹായം ചെയ്തുകൊടുക്കുന്നത് യു.എസാണെന്നും പെസശ്കിയാൻ പറഞ്ഞു. ഉചിതമായ സമയത്ത് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പ്രതികരിച്ചു.
ഇസ്രായേൽ നടത്തിയ ആക്രമണത്തെ പെരുപ്പിച്ച് കാട്ടുകയോ വിലകുറച്ച് കാണുകയോ ചെയ്യരുതെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകിയിരുന്നു. ‘‘ഇസ്രായേൽ ഭരണകൂടത്തിന്റെ തെറ്റായ കണക്കുകൂട്ടലുകൾ തകർക്കണം. ഇറാൻ യുവതയുടെയും രാജ്യത്തിന്റെയും കരുത്തും ഇച്ഛാശക്തിയും അവർ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ താൽപര്യങ്ങൾ നിറവേറ്റുന്ന നടപടികൾ സ്വീകരിക്കേണ്ടത് അധികാരികളാണ്’’ -അദ്ദേഹം പറഞ്ഞു.
അതിനിടെ ‘സയണിസ്റ്റ് ഭരണകൂടം ഒരു തെറ്റ് ചെയ്തു. ഇറാനെക്കുറിച്ച് അവർക്കുള്ള കണക്കൂട്ടലുകൾ തെറ്റിയിരിക്കുന്നു. ഇറാന്റെ ശക്തിയും ശേഷിയും സംവിധാനങ്ങളും എന്താണെന്ന് ഞങ്ങൾ മനസിലാക്കിക്കൊടുക്കും’ - എന്ന് ട്വീറ്റ് ചെയ്ത ഖാംനഈയുടെ ഹീബ്രു ട്വിറ്റർ അക്കൗണ്ട് സമൂഹമാധ്യമമായ എക്സ് സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.