റഈസിയുടെ മയ്യിത്ത് നമസ്കാരത്തിന് ഇമാമായി ഖാംനഈ; അണിനിരന്നത് ഇസ്മായിൽ ഹനിയ്യ അടക്കം പതിനായിരങ്ങൾ
text_fieldsതെഹ്റാൻ: കനത്ത സുരക്ഷ ഒരുക്കിയിട്ടും പ്രിയഭരണാധികാരികളെ അവസാനമായി കാണാൻ, അന്ത്യപ്രാർഥനയിൽ പങ്കെടുക്കാൻ തെഹ്റാനിലെ ആസാദി ചത്വരത്തിൽ പതിനായിരങ്ങൾ ഒഴുകിയെത്തി. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാന്റെയും ചിത്രങ്ങളേന്തി തക്ബീർ മുഴക്കിയും കണ്ണീർവാർത്തും അവർ അവിടെ വരിയൊപ്പിച്ചു നിന്നു.
രാഷ്ട്രപതാക പുതപ്പിച്ച മൃതദേഹങ്ങൾക്ക് മുന്നിൽ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഹുസൈനി ഖാംനഈ എത്തി. ഒരുനിമിഷം മൗനമവലംബിച്ച് നിന്ന അദ്ദേഹം, മരിച്ചവർക്ക് മൂന്ന് തവണ സലാം ചൊല്ലി. തുടർന്ന് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട റഈസി അടക്കം എട്ടുപേർക്കും വികാര നിർഭര യാത്രാമൊഴിയാണ് ഇറാൻ നൽകിയത്.
തെഹ്റാൻ സർവകലാശാലയിൽ നടന്ന അനുസ്മരണ ചടങ്ങിൽ “അല്ലാഹുവേ, അദ്ദേഹത്തിൽ നന്മയല്ലാതെ മറ്റൊന്നും ഞങ്ങൾ കണ്ടിട്ടില്ല” എന്ന് ജനക്കൂട്ടത്തെ സാക്ഷിയാക്കി ഖാംനഈ പറഞ്ഞു. ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മാഈൽ ഹനിയ, ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ, തുർക്കി വൈസ് പ്രസിഡൻറ്, വിദേശകാര്യ മന്ത്രി, റഷ്യൻ ഫെഡറൽ അസംബ്ലി തലവൻ, ഇറാഖ് പ്രധാനമന്ത്രി, ഖത്തർ, തുർക്മാനിസ്താൻ, ടുണീഷ്യ, താജികിസ്താൻ, പാകിസ്താൻ, അർമീനിയ, അസർബൈജാൻ, അൽജീരിയ, ഉസ്ബകിസ്താൻ, കസക്സ്താൻ, ലബനാൻ, അഫ്ഗാനിസ്താൻ ഭരണത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു.
ഇക്കഴിഞ്ഞ റമദാനിൽ തെഹ്‌റാനിൽ വെച്ച് റഈസിയെ കണ്ട കാര്യം ഹനിയ്യ അനുസ്മരിച്ചു. ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന ഫലസ്തീൻ ജനതയെയും ചെറുത്തുനിൽക്കുന്ന ധീരരെയും പ്രതിനിധീകരിച്ചാണ് താനെത്തിയതെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോൾ ‘ഇസ്രായേൽ നശിക്കട്ടെ’ എന്ന മുദ്രാവാക്യം മുഴക്കി ജനക്കൂട്ടം എതിരേറ്റു.
അനുസ്മരണ ചടങ്ങിന് ശേഷം റഈസിയുടെ ഭൗതികദേഹം ജന്മനാടായ മശ്ഹദിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച ഇമാം റാസ ഖബർസ്നിലാണ് ഖബറടക്കം. വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലഹിയാന്റെ മൃതദേഹം തെഹ്റാനിൽ ഖബറടക്കി. മറ്റുള്ളവരുടേത് ജന്മനാടുകളിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.