'ഇസ്രായേൽ പശ്ചാത്തപിക്കും'; കോൺസുലേറ്റ് ആക്രമണത്തിൽ പ്രതികാര നടപടിക്ക് പ്രതിജ്ഞയെടുത്ത് ഇറാൻ
text_fieldsതെഹ്റാൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ഇറാൻ കോൺസുലേറ്റിന് നേരെയുണ്ടായ ഇസ്രായേൽ മിസൈൽ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാൻ നയതന്ത്ര കാര്യാലയം സ്ഥിതിചെയ്യുന്ന കെട്ടിടം ബോംബിട്ടു തകർത്ത ഇസ്രായേൽ നടപടിക്കെതിരെ ഇറാൻ പ്രതികാര നടപടിക്ക് പ്രതിജ്ഞയെടുത്തു. ഇസ്രായേൽ ആക്രമണത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
'ഇറാന്‍റെ ധീരരായ സൈനികരാൽ ഇസ്രായേൽ സയണിസ്റ്റ് ഭരണകൂടം ശിക്ഷിക്കപ്പെടും. ഈ കുറ്റകൃത്യത്തിനും മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതക്കും അവർ പശ്ചാത്തപിക്കേണ്ടിവരും' -ഖാംനഈ തന്‍റെ സന്ദേശത്തിൽ പറഞ്ഞു.
ഗസ്സയിലെ വംശഹത്യ പശ്ചിമേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന സൂചന ശക്തമാക്കിയാണ് കഴിഞ്ഞ ദിവസം ഇറാൻ എംബസി സമുച്ചയം ആക്രമിക്കപ്പെട്ടത്. ഇറാൻ എംബസിയോടുചേർന്ന് അംബാസഡറുടെ വസതിയടക്കമുള്ള കെട്ടിടമാണ് തകർക്കപ്പെട്ടത്. അംബാസഡർ ഈ സമയം കെട്ടിടത്തിലുണ്ടായിരുന്നില്ല. ഇറാൻ റവലൂഷനറി ഗാർഡ്സ് മുതിർന്ന കമാൻഡർ മുഹമ്മദ് റിസ സഹേദി, കമാൻഡർ മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം ഏഴ് ഉദ്യോഗസ്ഥർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഇറാൻ കരസേന, വ്യോമസേന എന്നിവയിലെ മുൻ കമാൻഡറും സൈനിക ഓപറേഷൻസ് ഡെപ്യൂട്ടി കമാൻഡറുമായിരുന്ന സഹേദി വർഷങ്ങൾക്കിടെ മേഖലയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ സൈനിക പ്രമുഖനാണ്. 2020ൽ ബഗ്ദാദിൽ റവലൂഷനറി ഗാർഡ്സ് ജനറൽ ഖാസിം സുലൈമാനിയെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം വധിച്ചതാണ് അവസാന സംഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.