ഇറാൻ ധാർമിക പൊലീസ് പ്രവർത്തനം നിർത്തി
text_fieldsതെഹ്റാൻ: രണ്ടുമാസമായി തുടരുന്ന പ്രക്ഷോഭത്തിനൊടുവിൽ ഇറാൻ ധാർമിക പൊലീസ് പ്രവർത്തനം നിർത്തിവെച്ചു. ധാർമിക പൊലീസിന് ജുഡീഷ്യറിയുമായി ബന്ധമില്ലെന്നും അത് പ്രവർത്തനം തുടങ്ങിയിടത്തുതന്നെ അവസാനിപ്പിക്കുന്നതായും പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് ജാഫർ മുൻതസരി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വസ്ത്രധാരണ നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് സൂചനയില്ല. കാമറ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പിഴ ചുമത്തുന്ന രീതി അധികൃതർ പരിഗണിക്കുന്നതായി സൂചനയുണ്ട്. വസ്ത്രധാരണ മര്യാദ പാലിച്ചില്ലെന്ന് ആരോപിച്ച് ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെന്ന യുവതി മരിച്ചതിനെ തുടർന്നാണ് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്.
400ലേറെ പേർ കൊല്ലപ്പെടുകയും പ്രമുഖർ അടക്കം 14000ത്തിലേറെ പേർ അറസ്റ്റിലാകുകയും ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും പറയുന്നത്. 200ലേറെ പേരാണ് മരിച്ചതെന്നാണ് ഇറാൻ സുരക്ഷ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. അമേരിക്കയും ഇസ്രായേലുമാണ് സമരക്കാർക്ക് പിന്നിലെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ ആരോപണം.
കർശന നടപടി സ്വീകരിച്ചിട്ടും രാജ്യത്തിനകത്തും പുറത്തും തുടരുന്ന പ്രതിഷേധത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ധാർമിക പൊലീസ് പിരിച്ചുവിടാൻ അധികൃതർ തീരുമാനിച്ചത്. ശിരോവസ്ത്രം ധരിക്കാതെ തെരുവിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ നേരത്തേ ധാർമിക പൊലീസ് കസ്റ്റഡിയിലെടുത്ത് 'പുനർവിദ്യാഭ്യാസ' കേന്ദ്രത്തിൽ പാർപ്പിച്ചിരുന്നു. ഇത്തരത്തിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയെ (22) പക്ഷാഘാതത്തെ തുടർന്ന് അടുത്ത ആശുപത്രിയിലേക്ക് മാറ്റുകയും മൂന്നുദിവസത്തിന് ശേഷം മരിക്കുകയുമായിരുന്നു. നേരത്തേയുള്ള അസുഖം കാരണമാണ് മരിച്ചതെന്ന് അധികൃതർ പറയുന്നുവെങ്കിലും കസ്റ്റഡിയിൽ ക്രൂരമർദനത്തിന് ഇരയായെന്നാണ് കുടുംബത്തിന്റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.