‘ലക്ഷ്യം നേടി’, ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ; സൈന്യത്തിന് അഭിനന്ദനവുമായി പ്രസിഡന്റ്
text_fieldsതെഹ്റാൻ: ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാൻ. സംഭവത്തിൽ സൈനികമായി തിരിച്ചടിക്കരുതെന്ന് ഇസ്രായേലിനും സഖ്യകക്ഷികൾക്കും ഇറാന്റെ മുന്നറിയിപ്പ്.
പ്രത്യാക്രമണം നടത്തിയാൽ യുദ്ധം കനത്തതാകുമെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. “സയണിസ്റ്റ് ഭരണകൂടമോ (ഇസ്രായേൽ) അല്ലെങ്കിൽ അവരെ പിന്തുണക്കുന്നവരോ അശ്രദ്ധമായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ, അവർക്ക് നിർണായകവും വളരെ ശക്തമായതുമായ മറുപടി ലഭിക്കും,” -റെയ്‌സി പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച അദ്ദേഹം ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചു. ശത്രുവിനെ പാഠം പഠിപ്പിച്ചെന്നും ആക്രമണത്തിൽ ലക്ഷ്യമിട്ടത് ഇസ്രായേലിന്‍റെ സൈനിക താവളങ്ങളെയായിന്നുവെന്നും ഇബ്രാഹിം റെയ്‌സി വെളിപ്പെടുത്തി.
ആക്രമണം അതിൻ്റെ എല്ലാ ലക്ഷ്യങ്ങളും നേടിയെന്നും ഈ ഓപ്പറേഷൻ തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്റെ സൈനിക മേധാവി മുഹമ്മദ് ബാഖരി അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിന് മുതിർന്നാൽ ഇറാനിൽനിന്ന് വലിയ പ്രതികരണമുണ്ടാകുമെന്നും ബാഖരി മുന്നറിയിപ്പ് നൽകി.
ഏപ്രിൽ 1 ന് ഡമാസ്‌കസ് കോൺസുലേറ്റ് ലക്ഷ്യമാക്കിയ ഇസ്രായേൽ എഫ്-35 വിമാനങ്ങൾ പറന്നുയർന്ന എയർ ബേസും ഒരു "ഇൻ്റലിജൻസ് സെൻ്ററും", ലക്ഷ്യമിട്ടായിരുന്നു ഇറാൻ്റെ തിരിച്ചടിയെന്ന് ബാഖരി വെളിപ്പെടുത്തി. ആ രണ്ട് കേന്ദ്രങ്ങളും തകർത്ത് തരിപ്പണമാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ആക്രമണത്തിൽ ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് ഇസ്രായേൽ വാദിച്ചു.
അതേസമയം, നിരവധി രാജ്യങ്ങൾ ഇറാൻ്റെ ആക്രമണത്തെ അപലപിച്ചതിന് പിന്നാലെ, തെഹ്‌റാൻ വിദേശകാര്യ മന്ത്രാലയം ഫ്രഞ്ച്, ബ്രിട്ടീഷ്, ജർമൻ അംബാസഡർമാരെ വിളിച്ചുവരുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.