പാശ്ചാത്യശക്തികളെ വിശ്വസിക്കരുത്, അമേരിക്ക സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ പുതിയ ഇരയാണ് യുക്രെയ്ൻ -ആയത്തുല്ല അലി ഖാംനഇ
text_fieldsതെഹ്റാൻ: റഷ്യൻ സൈന്യം യുക്രെയ്നിൽ അധിനിവേശം ശക്തമായി തുടരവേ, വിഷയത്തിൽ യു.എസിനും പാശ്ചാത്യശക്തികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഇറാൻ. പാശ്ചാത്യശക്തികളെ വിശ്വസിക്കരുതെന്നും യു.എസ് സൃഷ്ടിച്ച പ്രതിസന്ധിയുടെ ഇരയാണ് യുക്രെയ്നെന്നും ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ചൂണ്ടിക്കാട്ടി.
'അമേരിക്കൻ ഭരണകൂടം ലോകത്ത് പ്രതിസന്ധികൾ സൃഷ്ടിക്കും, പ്രതിസന്ധികളെ വളർത്തും, പ്രതിസന്ധികളെ മുതലെടുത്ത് ജീവിക്കും. ഈ നയത്തിന്‍റെ പുതിയ ഇരയാണ് യുക്രെയ്ൻ' -ഖാംനഇ പറഞ്ഞു.
അമേരിക്കയുണ്ടാക്കിയ പ്രതിസന്ധിയുടെ ഇരയാണ് യുക്രെയ്ൻ. യു.എസിനെയും പാശ്ചാത്യശക്തികളെയും ആശ്രയിക്കുന്ന രാജ്യങ്ങൾ ഇവരെ ഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ലെന്ന പാഠം പഠിക്കേണ്ടിയിരിക്കുന്നു.
ഇന്നലത്തെ അഫ്ഗാനിസ്ഥാനാണ് ഇന്നത്തെ യുക്രെയ്ന്‍. രണ്ട് രാജ്യങ്ങളിലെയും പ്രസിഡന്റുമാര്‍ പറഞ്ഞിരുന്നത് അവര്‍ അമേരിക്കയെയും മറ്റ് പാശ്ചാത്യ സര്‍ക്കാറുകളെയും വിശ്വസിച്ചു, എന്നാല്‍ ഒടുക്കം ഒറ്റപ്പെട്ടു എന്നാണ്. ജനങ്ങളാണ് സര്‍ക്കാറുകളുടെ ഏറ്റവും വലിയ പിന്തുണ. യുക്രെയ്നില്‍ നിന്നുള്ള രണ്ടാമത്തെ പാഠം ഇതാണ്. യുക്രെയ്നിലെ ജനങ്ങള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ അവിടത്തെ സര്‍ക്കാര്‍ ഈ അവസ്ഥയിലാകുമായിരുന്നില്ല.
യുക്രെയ്നെ ഇന്നത്തെ അവസ്ഥയിലേക്ക് വലിച്ചിഴച്ചത് അമേരിക്കയാണ്. യുക്രെയ്നിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടും, വര്‍ണവിപ്ലവങ്ങള്‍ സൃഷ്ടിച്ചും ഒരു സര്‍ക്കാറിനെ അട്ടിമറിച്ച് മറ്റൊന്നിനെ അധികാരത്തില്‍ കയറ്റിയും ഇന്നത്തെ അവസ്ഥയിലേക്ക് യുക്രെയ്നെ എത്തിച്ചു,- വിവിധ ട്വീറ്റുകളില്‍ ഖാംനഇ ചൂണ്ടിക്കാട്ടി.
യു.എസിന്‍റെ ശത്രുരാജ്യമായ ഇറാന്‍റെ തന്ത്രപരമായ പങ്കാളിരാഷ്ട്രമാണ് റഷ്യ. പാശ്ചാത്യരാഷ്ട്രങ്ങൾ പതിറ്റാണ്ടുകൾ നീണ്ട ഉപരോധം ഇറാനെതിരെ കൊണ്ടുവന്നപ്പോഴും ഇറാന് റഷ്യൻ പിന്തുണയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.