പുതിയ ഇറാൻ പ്രസിഡന്റിനെ അംഗീകരിച്ച് പരമോന്നത നേതാവ്
text_fieldsതെഹ്റാൻ: ഇറാൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസ്ഊദ് പെസശ്കിയാനെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഔദ്യോഗികമായി അംഗീകരിച്ചു. തലസ്ഥാനമായ തെഹ്റാനിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പ്രസിഡന്റിന് അംഗീകാരം നൽകിയത്. ഇറാനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്ത അയൽ രാജ്യങ്ങൾക്കും ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്കും പ്രഥമ പരിഗണന നൽകണമെന്ന് ഖാംനഈ ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധവും ഇന്ധന ഉപരോധവും നടപ്പാക്കി മോശമായി പെരുമാറുകയും മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിക്കുകയും ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളെ അദ്ദേഹം വിമർശിച്ചു. ഒരു യുദ്ധക്കുറ്റവാളിയുടെ ഏറ്റവും വൃത്തികെട്ട മുഖമാണ് സയണിസ്റ്റ് ഭരണകൂടം കാണിക്കുന്നതെന്ന് പറഞ്ഞ ഖാംനഈ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പാർലമെന്റിൽ പ്രസംഗിക്കാൻ അനുവദിച്ച യു.എസ് നടപടിയും അപലപിച്ചു.
പുരോഗമനപരവും കാര്യക്ഷമവുമായ വിദേശ നയം പിന്തുടരുമെന്ന് ചടങ്ങിൽ പ്രസംഗിച്ച പെസശ്കിയാൻ പറഞ്ഞു. എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ, മിതവാദിയും പരിഷ്കരണവാദിയുമായ 72 കാരനായ മുഹമ്മദ് റെസ ആരിഫിനെ വൈസ് പ്രസിഡൻറായി നിയമിക്കുകയാണ് ചുതലയേറ്റ ഉടൻ പെസശ്കിയാൻ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.