ഇറാന്റെ പരമോന്നത നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
text_fieldsദുബൈ: ബെയ്റൂത്തിൽ ഇറാൻ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പായ ഹിസ്ബുല്ലയുടെ തലവനെ ഇസ്രായേൽ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോർട്ട്. തെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നസ്‌റുല്ലയുടെ കൊലപാതകത്തിന് ശേഷമുള്ള അടുത്തഘട്ടം നിർണയിക്കാൻ ഇറാൻ ഹിസ്ബുല്ലയുമായും മറ്റ് പ്രാദേശിക ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടതായും പറയുന്നു. കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. മേഖലയിലെ ഇറാന്റെ ഏറ്റവും മികച്ച സായുധവും സുസജ്ജവുമായ സഖ്യകക്ഷിയായ ഹിസ്ബുല്ലക്കെതിരെ ഇസ്രായേൽ വിനാശകരമായ ആക്രമണങ്ങളുടെ പരമ്പര ആരംഭിച്ചിരിക്കെയാണ് ഉന്നത തീരുമാനമെടുക്കുന്നയാളെ സുരക്ഷിതമാക്കാനുള്ള നീക്കം.
നസ്‌റുല്ലയെ കൊലപ്പെടുത്തിയെന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഖാംനഇ ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശത്തിന്റെ വിധി നിർണയിക്കുന്നത് ചെറുത്തുനിൽപ്പിന്റെ ശക്തികളായിരിക്കുമെന്നും ഹിസ്ബുല്ല അതിന്റെ മുൻനിരയിലുണ്ടാവുമെന്നായിരുന്നു അത്. രക്തസാക്ഷിയുടെ രക്തം പ്രതികാരം ചെയ്യപ്പെടാതെ പോകില്ല എന്നും അദ്ദേഹം പറഞ്ഞു. ലബനാനിലെ കനത്ത ആക്രമണം സയണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരമായ സ്വഭാവം വെളിപ്പെടുത്തിയിരിക്കുകയാണ്. ഗസ്സയിലെ ഇസ്രായേൽ ആക്രമണം ക്രിമിനൽ കുറ്റമാണെന്ന് പറഞ്ഞ ഖാംനഈ ഈ ഘട്ടത്തിൽ ലബനാനും ഹിസ്ബുല്ലക്കുമൊപ്പം നിൽക്കാൻ ലോക മുസ്‍ലിംകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. നസ്റുല്ലയുടെ മരണത്തെ അനുസ്മരിച്ച് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുകയും ചെയ്തു.
ഹിസ്ബുല്ല ഉപയോഗിച്ച ആയിരക്കണക്കിന് പേജറുകളും വാക്കി-ടോക്കികളും പൊട്ടിത്തെറിച്ചതിനെത്തുടർന്ന് ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിർത്താൻ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്സ് കോർപ്റിലെ എല്ലാ അംഗങ്ങളോടും ഉത്തരവിട്ടിരുന്നു. പേജർ, വാക്കി-ടോക്കി ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് ലെബനനും ഹിസ്ബുല്ലയും പറയുന്നു. ഇസ്രായേൽ പങ്കാളിത്തം നിഷേധിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
നസ്‌റുല്ല കൊല്ലപ്പെട്ട ബെയ്റൂത്തിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ്സിന്റെ ഡെപ്യൂട്ടി കമാൻഡർ അബ്ബാസ് നിൽഫോറൗഷാനും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഗസ്സ യുദ്ധം തുടങ്ങിയതിനുശേഷം മറ്റ് റെവല്യൂഷണറി ഗാർഡിന്റെ കമാൻഡർമാരും കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.