ഹമാസ് ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ; 'ആരോപണം ഇസ്രായേലിന്‍റെ പരാജയത്തെ ന്യായീകരിക്കാൻ'
text_fieldsതെഹ്റാൻ: ഇസ്രായേലിൽ ഫലസ്തീൻ ചെറുത്തുനിൽപ്പ് സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തിന് തങ്ങളുടെ സഹായം ലഭിച്ചെന്ന ആരോപണങ്ങൾ നിഷേധിച്ച് ഇറാൻ. 'ഫലസ്തീനുള്ള പിന്തുണയിൽ ഞങ്ങൾ അടിയുറച്ച് നിലകൊള്ളുന്നു. അതേസമയം, ഫലസ്തീന്‍റെ ഇപ്പോഴത്തെ പ്രതികരണത്തിൽ ഞങ്ങൾക്ക് പങ്കില്ല' -ഐക്യരാഷ്ട്രസഭയിലെ ഇറാൻ പ്രതിനിധി പ്രസ്താവനയിൽ പറഞ്ഞു.
ഏഴ് പതിറ്റാണ്ടായി സയണിസ്റ്റ് ഭരണകൂടം തുടർന്നുവരുന്ന അടിച്ചമർത്തലിനും അധിനിവേശത്തിനും ഹീനമായ കുറ്റകൃത്യങ്ങൾക്കുമെതിരായുള്ള പ്രതിരോധമാണ് ഫലസ്തീൻ ഇപ്പോൾ സ്വീകരിച്ച നടപടി. ഇസ്രായേൽ സുരക്ഷാസേനക്കുണ്ടായ ഏറ്റവും വലിയ പരാജയമാണ് ഹമാസ് നടത്തിയ ഓപറേഷൻ. അത് അവർക്ക് തീർത്തും അപ്രതീക്ഷിതവുമായിരുന്നു. ഇസ്രായേലിന്‍റെ പരാജയത്തെ ന്യായീകരിക്കുന്നതിനായാണ് അവർ ഇറാനെതിരെ ആരോപണമുന്നയിക്കുന്നത് -പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, ഇസ്രായേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയായി ഗസ്സയിൽ കനത്ത വ്യോമാക്രമണമാണ് ഇസ്രായേൽ തുടരുന്നത്. 413 പേർ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ അധികൃതർ വ്യക്തമാക്കിയത്. നൂറുകണക്കിന് പാർപ്പിട സമുച്ചയങ്ങൾ തകർത്തു. കരയാക്രമണം ആരംഭിക്കുന്നതിന്‍റെ ഭാഗമായി ലക്ഷം റിസർവ് സൈനികരെ ഗസ്സയോട് ചേർന്ന അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുകയാണ്.
ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 700ലേറെ പേരാണ് കൊല്ലപ്പെട്ടത്. സംഗീത പരിപാടി നടന്ന സ്ഥലത്തുനിന്ന് മാത്രം 250ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. 100ലേറെ പേരെ ഹമാസ് ബന്ദിയാക്കി ഗസ്സയിലേക്ക് കൊണ്ടുപോയതായും ഇസ്രായേൽ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.