വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു; ഹാളിന് തീപിടിച്ച് 113 പേർക്ക് ദാരുണാന്ത്യം
text_fieldsബാഗ്‍ദാദ്: ഇറാഖിലെ നിനേവ പ്രവിശ്യയിൽ വടക്കൻ ഇറാഖ് നഗരമായ ഹംദാനിയയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ തീപിടിത്തത്തിൽ 113 മരണം. 150 ഓളം പേർക്ക് പരിക്കേറ്റു. വിവാഹചടങ്ങിനോട് അനുബന്ധിച്ച് ഹാളിനുള്ളിൽ പടക്കം പൊട്ടിച്ചുവെന്നും ഇതിൽ നിന്നും തീപ്പൊരി ചിതറിത്തെറിച്ചതാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്നും അധികൃതര്‍ പറയുന്നു.
ചൊവ്വാഴ്ച രാത്രി ആയിരുന്നു ദുരന്തം സംഭവിച്ചത്. വിവാഹ ചടങ്ങ് നടന്ന ഹാളിലുണ്ടായിരുന്ന പ്രീഫാബ്രിക്കേറ്റഡ് പാനലുകളാണ് അപകടത്തിന്‍റെ ആക്കം കൂട്ടിയതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പെട്ടെന്ന് തീ പിടിക്കുന്ന ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ് അലങ്കാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതെന്നും കണ്ടെത്തി.
ചെലവ് കുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചാണ് ഹാള്‍ നിര്‍മിച്ചതെന്ന ആരോപണം അപകടത്തിന് പിന്നാലെ ഉയർന്നിരുന്നു. തീപിടിത്തത്തിൽ ഹാളിലെ സീലിങ്ങിന്‍റെ ചില ഭാഗങ്ങളും ഇടിഞ്ഞുവീണു. പരിക്കേറ്റവരെ നിനവേ മേഖലയിലുടനീളമുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി മേഖലാ ഗവർണർ ഐ.എൻ.എയോട് പറഞ്ഞു.
മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം ഇതുവരെ കണക്കാക്കിയിട്ടില്ലെന്നും ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനമായ ബാഗ്ദാദിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി വടക്കൻ നഗരമായ മൊസൂളിന് പുറത്താണ് ഹംദാനിയ സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.