ഇസ്രായേൽ ജനാധിപത്യ രാജ്യമോ?
text_fieldsതെരഞ്ഞെടുപ്പ് മാത്രമാണ് ജനാധിപത്യത്തിന്റെ സൂചകമെങ്കിൽ ഇസ്രായേൽ ജനാധിപത്യ രാജ്യമാണ്. പക്ഷേ, ഇസ്രായേലിൽ നിലനിൽക്കുന്നത് ഡെമോക്രസിയല്ല, എത്നോക്രസി (വംശീയ ഭരണകൂടം) ആണ്. എത്നോക്രസിയെക്കുറിച്ച് പഠനം നടത്തുന്ന ഓറൺ യിഫ്ചൽ എന്ന യഹൂദന്റെ അഭിപ്രായത്തിൽ എത്നോക്രസി പലപ്പോഴും ഡെമോക്രസിയുടെ മുഖം മൂടിയണിഞ്ഞ് വരുമെങ്കിലും രണ്ടും രണ്ടാണ്. അവകാശങ്ങൾ, അധികാരങ്ങൾ, വിഭവങ്ങൾ എന്നിവയുടെ വിനിയോഗത്തിന്റെ പ്രധാന നിർണയം വംശീയതയാണെങ്കിൽ (പൗരത്വമല്ലെങ്കിൽ) അതൊരു എത്നോക്രാറ്റിക് ഭരണകൂടമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇസ്രായേലിൽ ഒരാളുടെ അവകാശങ്ങൾ നിർണയിക്കുന്നത് പൗരത്വം (സിറ്റിസൺഷിപ്) അല്ല, ദേശീയത (നാഷനാലിറ്റി) ആണ്. യഹൂദർക്കും ദ്രൂസുകൾക്കും മാത്രമേ നാഷനാലിറ്റി ഉണ്ടാകൂ. ഫലസ്തീനിയൻ ഇസ്രായേലിക്ക് സിറ്റിസൺഷിപ് ഉണ്ടെങ്കിലും നാഷനാലിറ്റി സാധ്യമല്ല. ഇസ്രായേൽ പൗരന്മാരിൽ 21 ശതമാനം അറബ് വംശജരാണ്. അതിൽ മുസ്ലിംകളും ക്രിസ്ത്യാനികളും ദ്രൂസും ആണ് പ്രധാനമായുള്ളത്. ഇവർ അന്നാട്ടിൽ ജൂതന്മാർക്കൊപ്പം തുല്യതയനുഭവിച്ച് ജീവിക്കുന്നുവെന്നത് കുറച്ച് മലയാളികൾമാത്രം വിശ്വസിക്കുന്ന മണ്ടത്തമാണ്. ഇസ്രായേൽ പാർലമെന്റായ കെന്നെസ്സെത്തിൽ 21 ശതമാനം ന്യൂനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന വെറും 8.3 ശതമാനം അംഗങ്ങൾ മാത്രമേയുള്ളൂ. ദ്രൂസുകൾ അറബി സംസാരിക്കുന്നവരാണെങ്കിലും അറബ് എന്ന സ്വത്വം അംഗീകരിക്കുന്നില്ല.
കെന്നെസ്സെത് നിർമിച്ച 65ഓളം നിയമങ്ങൾ ഫലസ്തീനി-ഇസ്രായേലികൾക്കെതിരെയുള്ളവയാണ്. പൗരത്വ അവകാശങ്ങൾമുതൽ രാഷ്ട്രീയ പങ്കാളിത്തം, ഭൂമി, പാർപ്പിട അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ, സാംസ്കാരിക-ഭാഷാ അവകാശങ്ങൾ, മതപരമായ അവകാശങ്ങൾ, തടങ്കലിൽ വെക്കുന്ന കാലയളവിലെ നടപടിക്രമങ്ങൾ തുടങ്ങിയവയിൽ ഫലസ്തീനികളുടെ തുല്യത പരിമിതപ്പെടുത്തുന്നു.
2018ൽ പാസാക്കിയ നിയമപ്രകാരം സ്വയം നിർണയാവകാശം യഹൂദന് മാത്രമേയുള്ളൂ. സമത്വം, അവസര സമത്വം എന്നിവ മറ്റാർക്കുമില്ല. 55 നെതിരെ 62 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഈ നിയമം കെന്നെസ്സത് പാസാക്കിയത്. നല്ലൊരു ശതമാനം യഹൂദർക്കുപോലും ഈ നിയമത്തോട് യോജിപ്പില്ല. നിർബന്ധിത പട്ടാളസേവനത്തിൽ ഫലസ്തീനി-ഇസ്രായേലികളെ ഉൾപ്പെടുത്തിയിട്ടില്ല. ദ്രൂസുകൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചേരാം. യഹൂദൻ നിർബന്ധിത പട്ടാളസേവനത്തിന് വിസമ്മതിച്ചാൽ രണ്ട് വർഷം തടവുശിക്ഷ അനുഭവിക്കണം. പട്ടാളസേവനം നടത്തിയവർക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും വീടുവെക്കുന്നതിലും പ്രത്യേക പരിഗണനകളുണ്ട്. ഫലസ്തീനി- ഇസ്രായേലികൾ ഇതിൽ നിന്നെല്ലാം പുറത്താക്കപ്പെടുന്നു.
2023ൽ പാസാക്കിയ ഹാമറ്റ്സ് നിയമം ജൂതരുടെ പെസഹ ആഴ്ചയിൽ പുളിപ്പുള്ള ആഹാരസാധങ്ങൾ കൊണ്ടുചെല്ലുന്നവരെ ആശുപത്രികളിൽനിന്ന് പുറത്താക്കാൻ അധികൃതർക്ക് പ്രത്യേക അധികാരം നൽകുന്നു. 21 ശതമാനം വരുന്ന സ്വന്തം പൗരന്മാരുടെ തീന്മേശയിലേക്കാണ് ഈ നിയമം അതിക്രമിച്ച് കടക്കുന്നത്. ഫലസ്തീനി-ഇസ്രായേലികൾക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും താമസ സ്ഥലം മാറുന്നതിനും അടുത്ത ബന്ധുക്കൾക്ക് പൗരത്വം ലഭിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. എല്ലാ മേഖലയിലും അവർ വിവേചനം അനുഭവിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.