സോപ്പ് വാങ്ങി തേച്ച് കൊതുകുകടി കൊള്ളുന്നവരാണോ നമ്മൾ? പുതിയ പഠനം പറയുന്നത് ഇങ്ങനെ
text_fieldsസോപ്പില്ലാത്ത കുളി എന്തുകുളിയാണെന്ന് കരുതുന്നവരാണ് ഏറെയും. നല്ല സുഗന്ധം പരത്തുന്ന സോപ്പ് തേച്ചുള്ള കുളി ദിനചര്യയുടെ ഭാഗമാണ്. നല്ല റോസാപ്പൂവിന്‍റെയും ചന്ദനത്തിന്‍റെയും സ്ട്രോബറിയുടെയുമെല്ലാം സുഗന്ധമുള്ള സോപ്പുതേച്ചുള്ള കുളി എന്ത് രസമാണല്ലേ. എന്നാൽ, ഒരുകൂട്ടം ഗവേഷകർ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത് സോപ്പുതേച്ചുള്ള കുളി അൽപം പ്രശ്നക്കാരനാണെന്നാണ്. എല്ലാ സോപ്പുകളുമല്ല, ചില സുഗന്ധമുള്ള സോപ്പുകൾ. അപകടകാരിയായ കൊതുകുകളെ സോപ്പിന്‍റെ സുഗന്ധം ആകർഷിക്കുന്നുവെന്നാണ് കണ്ടെത്തൽ. സോപ്പുതേച്ചുള്ള കുളിയൊക്കെ കഴിഞ്ഞ് വന്നിരിക്കുമ്പോൾ ചുറ്റും കൊതുകുകൾ കൂടുന്നുണ്ടെങ്കിൽ ഓർത്തോളൂ, സോപ്പിന്‍റെ സുഗന്ധത്തിന് കൊതുകിനെ വിളിച്ചുവരുത്തുന്നതിൽ വലിയ പങ്കുണ്ടെന്ന്.
യു.എസിലെ വിർജീനിയ ടെക് സർവകലാശാലക്ക് കീഴിലെ കോളജ് ഓഫ് അഗ്രികൾച്ചർ ആൻഡ് ലൈഫ് സയൻസസിലെ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത് ശാസ്ത്ര ജേണലായ 'ഐസയൻസി'ലാണ്. സോപ്പിന്‍റെ സുഗന്ധം കൊതുകിനെ വിളിച്ചുവരുത്തും എന്നാണ് ഇവരുടെ കണ്ടെത്തൽ.
ആളുകളുടെ ശരീരത്തിന്‍റെ സ്വാഭാവിക ഗന്ധവും, സോപ്പുതേച്ച് കുളിച്ച ശേഷമുള്ള ഗന്ധവും ശേഖരിച്ചാണ് പഠനം നടത്തിയത്. വിവിധ ഗന്ധമുള്ള സോപ്പുകളിൽ ഈ പരീക്ഷണം തുടർന്നു. ഡോവ്, ഡയൽ, നേറ്റീവ്, സിംപിൾ ട്രൂത്ത് തുടങ്ങിയ പ്രമുഖ സോപ്പുകൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം.
പലഘട്ടങ്ങളിലായി നടത്തിയ പരീക്ഷണത്തിൽ, സോപ്പിന്‍റെ ഗന്ധം കൊതുകുകളെ ആകർഷിക്കുന്നതായി ഇവർ കണ്ടെത്തി. ചില പ്രത്യേക ഗന്ധങ്ങൾ കൂടുതലായി ആകർഷിക്കുന്നുണ്ടെന്നും കണ്ടെത്തി. മനുഷ്യശരീരത്തിന്‍റെ സ്വാഭാവിക ഗന്ധവും സോപ്പുതേച്ചുള്ള സുഗന്ധവും ശേഖരിച്ച് രണ്ടിടത്തായി വെച്ചായിരുന്നു പരീക്ഷണം. സ്വാഭാവിക ഗന്ധത്തേക്കാൾ സോപ്പുതേച്ചുള്ള ശരീരത്തിന്‍റെ ഗന്ധം തേടിയാണ് കൂടുതൽ കൊതുകുകളും എത്തിയത്.
കുളികഴിഞ്ഞ ശേഷം നമ്മുടെ ശരീരഗന്ധത്തിലെ 60 ശതമാനവും സോപ്പിന്‍റെ ഗന്ധമാണ്. നമ്മുടെ ശരീരത്തിലെ രാസവസ്തുക്കളും സോപ്പിലെ രാസവസ്തുക്കളും സംയോജിക്കുന്നുണ്ട്. ഇത് കൊതുകിനെ ആകർഷിക്കുകയാണ്. പഴത്തിന്‍റെയും പൂവുകളുടെയും ഗന്ധമുള്ള സോപ്പുകൾ കൊതുകുകളെ കൂടുതലായി ആകർഷിക്കുന്നു. അതേസമയം, തേങ്ങയുടെയും വെളിച്ചെണ്ണയുടെയും ഗന്ധമുള്ള സോപ്പുകൾ കൊതുകുകളെ ആകർഷിക്കുന്നില്ലെന്നും കണ്ടെത്തി. ഇത് ഒരു ഘടകം മാത്രമാണെന്നും സോപ്പിന്‍റെ ഗന്ധം മാത്രമല്ല കൊതുകിനെ മനുഷ്യനിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.