ടാങ്കുകൾ നഗരത്തിലേക്ക്; തുരത്തിയെന്ന് ഹമാസ്
text_fieldsഗസ്സ സിറ്റി: ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട് ഗസ്സ സിറ്റിയിലേക്ക് നീങ്ങി ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും. ഒപ്പം തിങ്കളാഴ്ചയും തുടർന്ന കനത്ത ബോംബിങ്ങിൽ തെക്കൻ പ്രദേശമായ ഖാൻ യൂനുസിൽമാത്രം 93 പേർ കൊല്ലപ്പെട്ടു. ആകെ മരണം ഇതോടെ 8,306 ആയി. തിങ്കളാഴ്ച പകൽ ഗസ്സ സിറ്റിക്കു പുറത്ത്, വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടുള്ള പ്രധാന റോഡിൽ ഇസ്രായേലി സായുധ വാഹനങ്ങൾ എത്തി സിവിലിയൻ വാഹനങ്ങൾ ആക്രമിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നും ഉടൻ ആക്രമണമുണ്ടാകുമെന്നും ഗസ്സ സിറ്റി നിവാസികൾക്ക് ഇസ്രായേൽ സൈന്യത്തിന്റെ ഫോൺ മുന്നറിയിപ്പുമുണ്ടായിരുന്നു.
24 മണിക്കൂറിനിടെ കരയാക്രമണത്തിൽ നിരവധി ‘ഭീകരരെ’ കൊലപ്പെടുത്തിയെന്നും ഇസ്രായേൽ അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ഗസ്സയിൽ കരയാക്രമണം രൂക്ഷമാക്കിയെന്നും സൈന്യം പറഞ്ഞു. കരസേനക്കൊപ്പം ഹെലികോപ്ടർ, ഡ്രോൺ എന്നിവയും ഉണ്ട്. ഹമാസിന്റെ നാവികസേന തലവൻ അടക്കം നാലു മുതിർന്ന നേതാക്കളെ വധിച്ചുവെന്നും ഇസ്രായേൽ അവകാശപ്പെട്ടു. അതേസമയം, തങ്ങളുടെ സേന ഗസ്സയിൽ ഏതു ഭാഗത്താണെന്ന് വെളിപ്പെടുത്തില്ലെന്ന് ഇസ്രായേൽ പ്രതികരിച്ചു. എന്നാൽ, കനത്ത ഏറ്റുമുട്ടലിനൊടുവിൽ ഇസ്രായേലി ടാങ്കുകളും ബുൾഡോസറുകളും ഗസ്സ സിറ്റിയിൽനിന്ന് പിൻവലിഞ്ഞതായി ഹമാസ് അവകാശപ്പെട്ടു.
‘‘ഗസ്സയിലെ പാർപ്പിട കേന്ദ്രങ്ങളിൽ ഇസ്രായേൽ അധിനിവേശം ഉണ്ടായിട്ടില്ല. സലാഹൽദീൻ തെരുവിലുണ്ടായത് ഏതാനും ടാങ്കുകളുടെയും ഒരു ബുൾഡോസറിന്റെയും കടന്നുകയറ്റമാണ്. ഇവ രണ്ടു കാറുകൾ ആക്രമിക്കുകയും റോഡ് തകർക്കുകയും ചെയ്തപ്പോഴേക്കും ചെറുത്തുനില്പ് സേന എത്തി. ഇതോടെ അധിനിവേശസേന പിൻവലിഞ്ഞു. നിലവിൽ അവരുടെ സാന്നിധ്യമില്ല’’ -ഹമാസ് പറഞ്ഞു. അൽ ഖുദ്സ് ആശുപത്രിക്കുനേരെ ഇസ്രായേൽ ഭീഷണി തുടരുകയാണ്. ആശുപത്രി ഉടൻ ഒഴിപ്പിക്കണമെന്ന് മുന്നറിയിപ്പുണ്ട്. എന്നാൽ ഐ.സി.യുവിലടക്കം നൂറുകണക്കിന് പേരുള്ള ആശുപത്രി ഒഴിപ്പിക്കൽ അസാധ്യമാണ്. ആശുപത്രി പരിസരങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ ബോംബിങ് നടത്തിയിരുന്നു. ഇതിനിടെ, ഗസ്സ ഇസ്രായേൽ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് റഷ്യൻ പ്രവിശ്യയായ ഡാഗിസ്താനിലെ മഖാച്കല വിമാനത്താവളത്തിലേക്ക് ഇരച്ചു കയറിയ ജനം, തെൽ അവീവിൽനിന്നു വന്ന വിമാനം വളഞ്ഞു. ഇസ്രായേലികളെ പിടികൂടാനുള്ള ശ്രമമാണെന്നാണ് കരുതുന്നത്. ഉടൻ സുരക്ഷാസേന വന്ന് ജനക്കൂട്ടത്തെ തടഞ്ഞതിനാൽ അക്രമസംഭവം ഒഴിവായി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി റഷ്യ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.