ഇറാഖ്-യു.എസ് സേന വ്യോമാക്രമണം: ഐ.എസ് തലവൻ കൊല്ലപ്പെട്ടു
text_fieldsബഗ്ദാദ്: ഐ.എസിലെ രണ്ടാമനും ആഗോള ഒപറേഷൻസ് തലവനുമായ അബ്ദുല്ല മക്കി മുസ്ലിഹ് അൽ രിഫാഈ ഇറാഖിലെ യു.എസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംഘടനയിലും രാഷ്ട്രീയ രംഗത്തും അബൂ ഖദീജ എന്നറിയപ്പെട്ടിരുന്ന മക്കി, ഐ.എസിന്റെ ഉപമേധാവികൂടിയായിരുന്നു. ഐ.എസ് നിയന്ത്രണത്തിലുള്ള മേഖലകളുടെ ഗവർണറായിരുന്ന ഇയാൾക്കെതിരെ 2023ൽ യു.എസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇറാഖ് രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്ന് അൽ അൽബാർ പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് അബൂ ഖദീജ കൊല്ലപ്പെട്ടത്. ഇറാഖിന്റെ രഹസ്യാന്വേഷണ, സുരക്ഷ സേനയുമായി ചേർന്നായിരുന്നു ഓപറേഷൻ. മാർച്ച് 13ന് നടന്ന സംഭവത്തിൽ ഐ.എസിന്റെ മറ്റൊരു പോരാളികൂടി കൊല്ലപ്പെട്ടിട്ടുണ്ട്.
ഐ.എസിന്റെ ലോജിസ്റ്റിക്സ്, പദ്ധതി ആസൂത്രണം, സാമ്പത്തികം തുടങ്ങിയ കാര്യങ്ങളുടെ മേൽനോട്ടം അബൂ ഖദീജക്കായിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ യു.എസ്, ഇറാഖ് സേന കൊല്ലപ്പെട്ടത് അബൂ ഖദീജയാണെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെയാണ് അബൂ ഖദീജയാണെന്ന് സ്ഥിരീകരിച്ചത്. അബൂ ഖദീജയും കൂടെയുണ്ടായിരുന്ന പോരാളിയും വസ്ത്രത്തിൽ സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ച നിലയിലായിരുന്നു. നേരത്തേ യു.എസ് റെയ്ഡിൽനിന്ന് ഇയാൾ കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു.
യു.എസിന്റെയും സഖ്യകക്ഷികളുടെയും സുരക്ഷക്ക് ഭീഷണിയായ ഐ.എസിനെ ഇല്ലാതാക്കാനുള്ള ശ്രമവും തീവ്രവാദികളെ കൊലപ്പെടുത്തുന്നതും തുടരുമെന്ന് സെൻട്രൽ കമാൻഡിന്റെ തലവൻ ജനറൽ മൈക്കൽ എറിക് കുറില്ല പറഞ്ഞു.
യു.എസ്-ഇറാഖ് സേനയുടെ സംയുക്ത ഒാപറേഷനെ പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുഡാനി പ്രശംസിച്ചു. ഇറാഖിലെയും ലോകത്തിലെയും ഏറ്റവും അപകടകാരിയായ തീവ്രവാദികളിൽ ഒരാളായിരുന്നു അബൂ ഖദീജയെന്നും അദ്ദേഹം ‘എക്സി’ൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.