‘ആ സുന്ദരിയെ ഞങ്ങൾക്ക് തിരികെ ലഭിച്ചിരിക്കുന്നു’
text_fieldsവെസ്റ്റ്ബാങ്ക്: വെടിനിർത്തൽ ധാരണ പ്രകാരം ഇസ്രായേൽ മോചിപ്പിച്ച തടവുകാരിൽ ഒരാൾ ഇസ്ര റിയാദ് ജാബിസാണ്. റംസി ബറൂദിന്റെ ‘ഈ ചങ്ങലകൾ തകരും, ഇസ്രായേലി ജയിലുകളിലെ സമരത്തിന്റെയും പ്രതിരോധത്തിന്റെയും ഫലസ്തീൻ കഥകൾ’ എന്ന പുസ്തകത്തിൽ ഇസ്ര ജാബിസും ഉൾപ്പെട്ടിട്ടുണ്ട്.
2015 ഒക്‌ടോബർ 11നാണ് ആ സംഭവം. അന്നവൾക്ക് 31 വയസ്സ്. വീട്ടുപകരണങ്ങൾ കുത്തിനിറച്ച ചെറിയ കാറിൽ ജെറികോയിൽനിന്ന് അൽ ഖുദ്സിലേക്ക് പോകുകയായിരുന്നു ഇസ്ര. മകൻ മുഅ്തസമിന് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. ഭർത്താവിന് വെസ്റ്റ് ബാങ്ക് ഐഡിയായതിനാൽ അനുവാദം കിട്ടിയില്ല. മകന്റെ നല്ല ഭാവിക്കായി കുറച്ചുവർഷത്തേക്ക് വേറിട്ട് താമസിച്ചാലും പ്രശ്നമില്ലെന്ന് അവർ കരുതി.
അടുക്കളയിലെ പ്രൊപെയ്ൻ ടാങ്കും കാറിൽ കൊണ്ടുപോയ സാധനങ്ങളിലുണ്ടായിരുന്നു. പുതിയതൊന്ന് വാങ്ങാൻ ചെലവേറെയാണ്. എൻജിൻ തകരാർ കാരണം രണ്ടുതവണ കാർ വഴിയിൽ നിന്നുപോയി. മറ്റൊരു വണ്ടി വിളിക്കാൻ നഗരത്തിലെ ചില ചെറുപ്പക്കാർ ഉപദേശിച്ചെങ്കിലും അവർ കാര്യമാക്കിയില്ല. കാറിൽനിന്ന് കരിഞ്ഞ മണം വരുന്നുണ്ടായിരുന്നു. അൽ സഅയമിലെ ഇസ്രായേലി സൈനിക ചെക് പോസ്റ്റിന് അകലെ ജൂത കുടിയേറ്റ കേന്ദ്രത്തിന് സമീപം വീണ്ടും കാർ നിന്നു. സഹായത്തിന് ആരുമില്ല. അപ്പോഴാണ് വിരമിച്ച ഇസ്രായേലി പൊലീസ് ഉദ്യോഗസ്ഥൻ അതുവഴി വന്നത്. അയാൾ വണ്ടി നിർത്തി തിരിച്ചറിയൽ കാർഡ് ചോദിച്ചു.
ഇസ്രയുടെ കാറിൽനിന്ന് പുകയും കരിഞ്ഞ മണവും വരുന്നുണ്ടായിരുന്നു. പുറത്തിറങ്ങാൻ തുടങ്ങിയ അവരെ അയാൾ അകത്തേക്കുതന്നെ തള്ളി. കാറിൽ തീനാളങ്ങൾ കണ്ടിട്ടും അയാൾക്കൊരു മനസ്സലിവും വന്നില്ല. തീ പടരുന്നത് അയാൾ നോക്കിനിന്നു. പ്രൊപ്പെയ്ൻ ടാങ്ക് ഉപയോഗിച്ച് കാർ സ്ഫോടനത്തിന് ശ്രമിക്കുകയായിരുന്നു ഇസ്ര എന്നാണ് അയാൾ പറഞ്ഞത്. ഇസ്രായേൽ കോടതി അയാളുടെ സാക്ഷ്യം മാത്രമാണ് പരിഗണിച്ചത്. അങ്ങനെ ഭീകരമുദ്ര കുത്തി ഇസ്രക്ക് 11 വർഷം തടവുശിക്ഷ വിധിച്ചു.
അവരെ സന്ദർശിച്ച അനുഭവം സഹോദരി മോന ജാബിസ് പങ്കുവെക്കുന്നു. ‘അപകടം നടന്ന് ഒരാഴ്ച കഴിഞ്ഞ് ഞാൻ അവളെ ആദ്യമായി സന്ദർശിച്ചു. ഒരു കള്ളനെപോലെ പതുങ്ങിയാണ് ആശുപത്രിയിലെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ യഹൂദ സ്ത്രീയുടെ വേഷം ധരിച്ചു. എനിക്ക് ഹീബ്രു ഭാഷ അറിയാമായിരുന്നു. അവളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. മുഖവും ശരീരവും പൊള്ളി വികൃതമായിരുന്നു.
പുറത്തുകാത്തുനിന്ന മാതാപിതാക്കളോട് അവൾക്ക് കുഴപ്പമില്ലെന്ന് കള്ളം പറഞ്ഞു. മൂന്നുമാസം ആശുപത്രിയിൽ കഴിഞ്ഞശേഷം അവളെ ഹഷറോൺ ജയിലിലേക്ക് മാറ്റി. ഞങ്ങൾ ജയിലിലേക്ക് ചെന്നു. ഒരുകൂട്ടം ഇസ്രായേലി ഉദ്യോഗസ്ഥർ അവളെ വളഞ്ഞ് ചോദ്യം ചെയ്യുകയാണ്. അവൾ ഞങ്ങളെ കണ്ടില്ല. അകലെ ചില്ലുജാലകത്തിന് പിന്നിൽനിന്ന് ഞങ്ങൾ നോക്കി. ശരിക്ക് കാണാൻ കഴിഞ്ഞില്ല. മുഅ്തസമിനെ എങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ഞാൻ ആലോചിച്ചു. അവന്റെ ഉമ്മക്ക് ഒരു അപകടം സംഭവിച്ചെന്നും വൈകാതെ കാണാൻ കഴിയുമെന്നും ഒരുവിധത്തിൽ ഞാൻ പറഞ്ഞു.
എട്ട് വയസ്സേയുള്ളൂ എങ്കിലും അവൻ മിടുക്കനായ കുട്ടിയാണ്. വാർത്തകൾ അന്വേഷിച്ച് എന്താണ് സംഭവിച്ചതെന്ന് അവൻ മനസ്സിലാക്കി. ‘എത്ര വികൃതമായാലും എന്റെ ഉമ്മയെ ഞാൻ സ്നേഹിക്കുന്നു’. -അവൻ പറഞ്ഞു. ആശുപത്രിയിലായിരിക്കെ ഞങ്ങൾ പലതവണ പതുങ്ങിച്ചെല്ലുകയും ഉദ്യോഗസ്ഥർ കണ്ട് പുറത്താക്കുകയും ചെയ്തു. പിന്നീട് അനുമതി ലഭിച്ചപ്പോൾ ജയിലിൽ ഉമ്മയെയും ഉപ്പയെയും കൂട്ടി പോയി. അവർക്ക് പെട്ടെന്ന് ഇസ്രയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവർ ഒന്നും പറയാതെ കൈകളിൽ തലചായ്ച്ച് കരയുക മാത്രം ചെയ്തു. ഉപ്പയെ നോക്കി അവൾ പറഞ്ഞു. ‘ഉപ്പാ എന്നെ നോക്കൂ. ഞാൻ ഇസ്രയാണ്. എന്റെ മുഖം ചുട്ടുപൊട്ടുന്നു’. ഒടുവിൽ അവൾ തന്റെ മകളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അദ്ദേഹം ഒരു കുഞ്ഞിനെപോലെ കരഞ്ഞു. അതിനിടക്ക് ഭർത്താവിന് ഒരു അപകടം പറ്റി സ്ഥിരം അംഗവൈകല്യം സംഭവിച്ച് വീൽചെയറിൽ കഴിയേണ്ട സ്ഥിതിവന്നു. മുഅ്തസിം ഞങ്ങളുടെ ഉമ്മക്കും ഉപ്പക്കും ഒപ്പമായി. ഞങ്ങളുടെ കുടുംബത്തിന്റെ നട്ടെല്ലായിരുന്നു ഇസ്ര.
മുഅ്തസിം ആദ്യമായി അവളെ കാണാൻ ഞങ്ങളോടൊപ്പം വന്നപ്പോൾ, ജയിൽ അധികൃതർ അവനെ അകത്ത് കടത്തിയില്ല. ഉമ്മയും ഉപ്പയും അകത്തുകയറി. ഞാൻ മുഅ്തസിമിനൊപ്പം പാർക്കിങ്ങിൽ നിന്നു. ഒരുവർഷവും രണ്ട് മാസവും കഴിഞ്ഞ് മുതാസിമിന് അവളെ കാണാൻ അനുവാദം ലഭിച്ചു. അവൻ ഉമ്മയുടെ കൈ പിടിക്കാൻ ശ്രമിച്ചു.
അവളുടെ എട്ട് വിരലുകൾ മുറിച്ചുമാറ്റിയിരുന്നു. രണ്ടുവിരൽ ഉള്ളതിന് അവൾ ദൈവത്തെ സ്തുതിച്ചു. വീട്ടിലേക്കുള്ള യാത്രാമധ്യേ, നീണ്ട നിശബ്ദതക്കുശേഷം മുഅ്തസിം എന്നോട് പറഞ്ഞു ‘എന്റെ ഉമ്മ എപ്പോഴും സുന്ദരിയാണ്, മുഖത്തെ പാടുകൾ അങ്ങനെ തന്നെയിരുന്നാലും’.
ആ സുന്ദരിയെ ഞങ്ങൾക്ക് തിരികെ ലഭിച്ചിരിക്കുന്നു. അധിനിവേശക്കാരുടെ കാഠിന്യം അവളുടെ മുഖത്തും ശരീരത്തിലും മുറിവുണ്ടാക്കിയിട്ടുണ്ട്. എന്നാലും അവളിൽ ഞങ്ങൾ പ്രത്യാശയും ശക്തിയും സൗന്ദര്യവും കാണുന്നു. -ഇസ്രയുടെ സഹോദരിയും ഏറ്റവും അടുത്ത കൂട്ടുകാരിയുമായ മോന ജാബിസ് നിറകൺചിരിയോടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.