ഒമാൻ തീരത്തെ ചരക്കുകപ്പൽ ആക്രണത്തിന് പിന്നിൽ ഇറാനെന്ന് ഇസ്രായേൽ; മേഖലയിൽ സംഘർഷം പുകയുന്നു
text_fieldsമസ്കത്ത്: അറബിക്കടലിൽ ഒമാൻ തീരത്ത് വ്യാഴാഴ്ച ചരക്കു കപ്പൽ ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഇറാനെന്ന് ഇസ്രായേൽ. ലണ്ടൻ ആസ്ഥാനമായ സോഡിയാക് മാരിടൈമിനായി സർവീസ് നടത്തിയ എം.വി മെർസർ സ്ട്രീറ്റാണ് വ്യാഴാഴ്ച ആക്രമിക്കപ്പെട്ടത്. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫറിന്‍റെതാണ് സോഡിയാക് മാരിടൈം. രണ്ട് നാവികർ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
ലൈബീരിയൻ പതാകയുള്ള ജപ്പാൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിനു നേരെയുണ്ടായ ആക്രമണത്തിന്‍റെ വിശദ വിവരങ്ങൾ പുറത്തുവരുന്നേയുള്ളൂ. ഇസ്രായേൽ ആരോപണങ്ങളെ കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സുചനയുണ്ട്. ബ്രിട്ടീഷ്, റുമാനിയൻ പൗരന്മാരാണ് കൊല്ലപ്പെട്ടത്.
യു.എസ് നാവിക സേനയുടെ സഹായത്തോടെ കപ്പൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയാണെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. ആക്രമണം മേഖലയിൽ പുതിയ സംഘർഷങ്ങൾക്ക് തുടക്കമിടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിലെ നിഴൽ യുദ്ധം കൂടുതൽ ശക്തിയാർജിക്കാൻ ഇത് സഹായകമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ആക്രമണത്തിനെതിരെ കടുത്ത പ്രതികരണം ആലോചിക്കുകയാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡൊമിനിക് റാബുമായി വിഷയം ചർച്ച ചെയ്യുമെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രി യായർ ലാപിഡ് പറഞ്ഞു. എന്നാൽ, സിറിയയിലെ എയർപോർട്ട് ആക്രമിച്ച ഇസ്രായേലിന് തിരിച്ചടിയാണ് കപ്പൽ ആക്രമണമെന്ന് ഇറാൻ ടെലിവിഷൻ പ്രതികരിച്ചു.
ടാൻസാനിയയിലെ ദാറുസ്സലാമിൽനിന്ന് യു.എ.ഇയിലേക്ക് വരികയായിരുന്നു കപ്പൽ. ഈ സമയം ചരക്കുണ്ടായിരുന്നില്ല.
ഇതേ സംഭവം നടന്നതിന് പരിസരത്ത് മുമ്പും ഇറാൻ, ഇസ്രായേൽ കപ്പലുകൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മൂന്നു വർഷത്തിനിടെ ഗൾഫ് കടൽ, ചെങ്കടൽ, കിഴക്കൻ മെഡിറ്ററേനിയൻ കടലുകളിൽ മാത്രം 150ലേറെ ആക്രമണങ്ങളാണ് നടന്നത്. പക്ഷേ, ആളപായം അപൂർവമാണ്. അടുത്തിടെ ഇറാൻ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. സമാന സംഭവത്തിൽ ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ കഴിഞ്ഞ ജൂണിൽ ഒമാനു സമീപം തീപിടിച്ച് മുങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.