ഇസ്രായേലുകാർക്ക് വിലക്ക്: മാലദ്വീപിൽനിന്ന് മടങ്ങണമെന്ന് പൗരന്മാരോട് ഇസ്രായേൽ
text_fieldsജറൂസലം: ഗസ്സയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ പൗരന്മാർക്ക് മാലദ്വീപ് പ്രവേശന വിലക്കേർപ്പെടുത്തിയതോടെ അവിടെ കഴിയുന്ന പൗരന്മാർ ഉടൻ രാജ്യംവിടണമെന്ന നിർദേശവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം. “നിലവിൽ മാലദ്വീപിലുള്ള ഇസ്രായേൽ പൗരന്മാർക്ക് എന്തെങ്കിലും പ്രശ്‌നം നേരിട്ടാൽ അവരെ സഹായിക്കാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും” -വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരട്ടപൗരത്വമുള്ളവരാണെങ്കിലും ദ്വീപ് രാഷ്ട്രത്തിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച നടന്ന മാലദ്വീപ് മന്ത്രിസഭ യോഗത്തിലാണ് ഇസ്രായേലികൾക്ക് പ്രവേശന നിരോധനം പ്രഖ്യാപിച്ചത്. പ്രതിവർഷം 10ലക്ഷത്തിലധികം വിനോദസഞ്ചാരികൾ എത്തുന്ന ദ്വീപിൽ, ഇസ്രായേലിൽ നിന്ന് ഏകദേശം 15,000 വിനോദസഞ്ചാരികൾ എത്താറുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലിന്‍റെ പാസ്‌പോർട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിൽ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്സാൻ അണ് അറിയിച്ചത്. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ കാബിനറ്റ് ഉപസമിതി രൂപീകരിക്കും. കൂടാതെ ഫലസ്തീന്‍റെ ആവശ്യങ്ങൾ വിലയിരുത്താൻ പ്രത്യേക ദൂതനെ നിയോഗിക്കാനും തീരുമാനിച്ചു. ഫലസ്തീനുവേണ്ടി ഐക്യരാഷ്ട്ര സഭ ഏജൻസിയുമായി ചേർന്ന് ധനസമാഹണ കാമ്പയിൻ നടത്താനും രാജ്യവ്യാപകമായി റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.