ഖാൻ യൂനിസിൽ ഇസ്രായേൽ വ്യോമാക്രമണം, 121 മരണം; ഒന്നര ലക്ഷത്തോളം പേർ പലായനം ചെയ്തു
text_fieldsഗസ്സ: തെക്കൻ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 121 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിനു പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ, ഒന്നര ലക്ഷത്തോളം പേർ പ്രദേശത്തുനിന്ന് പലായനം ചെയ്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നതിനു മുമ്പാണ് ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.
അതിനിടെ, റഫ ഇടനാഴിയുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യുന്നതിന് ഇസ്രായേൽ സംഘം ഈജിപ്തിലെത്തി. മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തലിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച ദോഹയിൽ ഈജിപ്ത്, ഇസ്രായേൽ, അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
അൽ അഖ്സ പള്ളിയിൽ പ്രാർഥന നടത്താൻ ജൂതരെ അനുവദിക്കണമെന്ന തീവ്ര വലതുപക്ഷക്കാരനായ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്‍വ്റിന്റെ പ്രസ്താവനയെ ഫലസ്തീൻ സംഘടനകൾ അപലപിച്ചു. എന്നാൽ, അൽ അഖ്സയിൽ തൽസ്ഥിതി തുടരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഇസ്രായേലിലെ രമത് ഡേവിഡ് എയർബേസിന്റെ ഡ്രോൺ ദൃശ്യങ്ങൾ ലബനാനിലെ ഹിസ്ബുല്ല പുറത്തുവിട്ടു. ചൊവ്വാഴ്ച ചിത്രീകരിച്ചതാണ് ദൃശ്യങ്ങളെന്ന് ഹിസ്ബുല്ല അവകാശപ്പെട്ടു. ഹുദ്ദൂദ്’ എന്ന പേരിൽ സമീപനാളുകളിൽ ഹിസ്ബുല്ല പുറത്തുവിടുന്ന മൂന്നാമത്തെ ഡ്രോൺ ദൃശ്യമാണ് ഇത്. നേരത്തെ, ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയുടെ ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.