13 അനധികൃത ജൂത കുടിയേറ്റങ്ങൾക്ക് ഇസ്രായേൽ അംഗീകാരം
text_fieldsമധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ ബോംബിട്ടതിനെ തുടർന്ന് ഓടി രക്ഷപ്പെടുന്ന കുടുംബം
വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 13 അനധികൃത ജൂത കുടിയേറ്റ മേഖലകൾക്ക് അംഗീകാരം നൽകി ഇസ്രായേൽ സുരക്ഷ മന്ത്രിസഭ. ഫലസ്തീനികൾ അടക്കം താമസിക്കുന്ന പ്രദേശങ്ങളിൽനിന്ന് മാറി സ്വതന്ത്രമായി സ്ഥാപിച്ച കുടിയേറ്റ മേഖലകൾക്കാണ് നിയമപരമായ അംഗീകാരം നൽകിയതെന്ന് തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവും ധനമന്ത്രിയുമായ ബെസലേൽ സ്മോട്രിച്ച് അറിയിച്ചു.
ഒളിച്ചുജീവിക്കുന്നതിനും മാപ്പ് പറയുന്നതിനും പകരം കൂടുതൽ കുടിയേറ്റ മേഖലകൾ പണിത് താമസം തുടങ്ങുമെന്നും ഇസ്രായേലിന്റെ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. വെസ്റ്റ് ബാങ്കിൽ പരമാധികാരം ഉറപ്പിക്കാനുള്ള പ്രധാന നടപടിയാണിതെന്നും സ്മോട്രിച്ച് കൂട്ടിച്ചേർത്തു. സ്കൂളുകളും ആശുപത്രികളും പതിനായിരക്കണക്കിന് വീടുകളും മറ്റു നിരവധി ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് പുതുതായി സ്ഥാപിച്ച സെറ്റിൽമെന്റുകൾ. ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും ഇസ്രായേൽ സേന വംശഹത്യ തുടരുന്നതിനിടെയാണ് നടപടി.
അതേസമയം, ഇസ്രായേൽ നടപടിയെ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. സ്വതന്ത്രമായ കുടിയേറ്റ മേഖലകൾ നിർമിക്കുന്നതും അംഗീകാരം നൽകുന്നതും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. നടപടിയെ ഗസ്സ ഭരിക്കുന്ന ഹമാസും അപലപിച്ചു. ഫലസ്തീൻ ഭൂമികൾ പിടിച്ചെടുത്ത് കോളനികൾ നിർമിക്കാനുള്ള ഇസ്രായേൽ പദ്ധതിയാണിതെന്ന് ഹമാസ് ആരോപിച്ചു.
കിഴക്കൻ ജറൂസലമിലും വെസ്റ്റ് ബാങ്കിലുമായി 27 ലക്ഷം ഫലസ്തീനികൾക്കിടയിൽ ഏകദേശം ഏഴ് ലക്ഷം ഇസ്രായേലി കുടിയേറ്റക്കാരാണ് താമസിക്കുന്നത്. 1967ലെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത മേഖലകളാണിത്. യുദ്ധത്തിൽ പിടിച്ചെടുത്ത മേഖലകളിൽ കുടിയേറി താമസിക്കാനുള്ള നീക്കം നിയമവിരുദ്ധമായാണ് അന്താരാഷ്ട്ര സമൂഹം കാണുന്നത്. എന്നാൽ, എതിർപ്പുകൾ വകവെക്കാതെ കുടിയേറ്റം വ്യാപിപ്പിക്കുകയാണ് ഇസ്രായേൽ.
ഇക്കാര്യത്തിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാക്കൾക്ക് ശക്തമായ പിന്തുണയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്നത്. കുടിയേറ്റം വ്യാപിപ്പിക്കണമെന്ന ശക്തമായ നിലപാടുള്ള വ്യക്തിയാണ് റിലീജ്യസ് സയണിസം പാർട്ടിയുടെ നേതാവായ സ്മോട്രിച്ച്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സർക്കാറിന്റെ പ്രധാന സഖ്യകക്ഷിയാണ് ഈ പാർട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.