വെസ്റ്റ്ബാങ്കിൽ വീണ്ടും അനധികൃത കുടിയേറ്റ കേന്ദ്രവുമായി ഇസ്രായേൽ; നീക്കത്തിനെതിരെ വൻ പ്രതിഷേധം
text_fieldsതെൽ അവീവ്: അധിനിവേശ വെസ്റ്റ്ബാങ്കിൽ ബത്‍ലഹേമിലെ യുനസ്കോ പൈതൃക സ്ഥലത്തിനടുത്ത് അനധികൃത കുടിയേറ്റ പദ്ധതിക്ക് അംഗീകാരം നൽകി ഇസ്രായേൽ. ധനകാര്യമന്ത്രി ബെസാലേൽ സ്മോട്രിച്ചാണ് പുതിയ ജൂത സെറ്റിൽമെന്റിനുള്ള പ്ലാൻ പൂർത്തിയായെന്ന് അറിയിച്ചത്. ഗുഷ് എറ്റ്സിയോണിൽ നഹൽ ഹെലറ്റ്സ് എന്ന പേരിലാവും പുതിയ ജൂത കുടിയേറ്റ കേന്ദ്രം വരിക.
ഇസ്രായേൽ വിരുദ്ധവും സയണിസ്റ്റ് വിരുദ്ധവുമായ ഒരു തീരുമാനവും സെറ്റിൽമെൻ്റുകളുടെ വികസനം തടയില്ല. ഫലസ്തീൻ രാഷ്ട്രത്തിനെതിരെ ഞങ്ങൾ ഇനിയും പോരാടും. ഇത് തന്റെ ജീവിത ദൗത്യമാണെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
സെറ്റിൽമെന്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായുള്ള സർവേ നടപടികൾക്ക് ഇസ്രായേൽ തുടക്കം കുറിച്ചിട്ടുണ്ട്. എങ്കിലും വർഷങ്ങൾ കഴിഞ്ഞ് മാത്രമേ പ്രദേശത്ത് ഒരു സെറ്റിൽമെന്റ് യാഥാർഥ്യമാവുകയുള്ളുവെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഇസ്രായേൽ നടപടിക്കെതിരെ വ്യാപക വിമർശനങ്ങളും ഉയരുന്നുണ്ട്.
ഇസ്രായേലിലെ പീസ് നൗ എന്ന സംഘടന യുനസ്കോ പൈതൃക കേന്ദ്രത്തിനടുത്ത് അനധികൃത കുടിയേറ്റ പദ്ധതി സ്ഥാപിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേൽ കൂടി പങ്കാളിയായ യുനസ്കോയുമായി ബന്ധപ്പെട്ട കരാറുകളുടെ ലംഘനമാവും പദ്ധതിയെന്നാണ് പ്രധാന വിമർശനം.
അപകടകരമായ ഈ പദ്ധതിക്കെതിരെ ഞങ്ങൾ ഇനിയും പോരാടും. പദ്ധതിമൂലം ഫലസ്തീനികളുടെ ഇടം തകർക്കപ്പെടുമെന്നത് മാത്രമല്ല ആശങ്ക. വലിയ ഒരു സമൂഹത്തിന്റെ സ്വാഭാവികമായ സാംസ്കാരിക പൈതൃകം തകരുന്നതിനും പദ്ധതി ഇടയാക്കും. മാനവികതയുടെ ഏറ്റവും ഉയർന്ന സാംസ്കാരിക മൂല്യമായി കണക്കാക്കപ്പെടുന്ന ഒരു പ്രദേശത്തിന് ഇത് വലിയ ഭീഷണി ഉയർത്തുമെന്ന ആശങ്കയുണ്ടെന്നും പീസ് നൗ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.