ഗോലാൻ കുന്നുകളിൽ കുടിയേറ്റം ഇരട്ടിയാക്കാൻ ഇസ്രായേൽ; പദ്ധതിക്ക് സർക്കാർ അംഗീകാരം
text_fieldsജറൂസലേം: സിറിയൻ ഏകാധിപതി ബശ്ശാറുൽ അസദിന്‍റെ പതനത്തിനു പിന്നാലെ അധിനിവിഷ്ട ഗോലാൻ കുന്നുകളിൽ വൻതോതിൽ ജൂതകൂടിയേറ്റത്തിന് ഇസ്രായേൽ. ഗോലാൻ കുന്നുകളിൽ സെറ്റിൽമെന്റുകൾ സ്ഥാപിച്ച് കുടിയേറ്റം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സർക്കാർ അംഗീകാരം നൽകി.
ഗോലാൻ കുന്നുകളിൽ നിലവിലുള്ള ഇസ്രായേൽ ജനതയുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സർക്കാർ ഏകകണ്‌ഠ്യേന അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞു. 1967 മുതൽ ഇസ്രായേൽ കൈവശം വെക്കുന്ന ഗോലാൻ കുന്നുകളിലാണ് പുതിയ സെറ്റിൽമെന്‍റുകൾ സ്ഥാപിക്കുന്നത്. സിറിയയിലെ ശൂന്യത മുതലെടുത്ത് 1974ലെ യു.എൻ മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രകാരം ഡീമിലിറ്ററൈസ്ഡ് സോൺ ആയി പ്രഖ്യാപിച്ച മേഖലയിലേക്ക് ഇസ്രായേൽ സൈന്യം ഇരച്ചുകയറിയിരുന്നു. കൂടാതെ, സിറിയയുടെ സൈനിക സന്നാഹങ്ങളും ആയുധശേഷിയും കഴിഞ്ഞദിവസങ്ങളിൽ ഇസ്രായേൽ നശിപ്പിക്കുകയും ചെയ്തു.
ഇതിലൂടെ അടുത്തെങ്ങും സൈനികമായി സിറിയ ഒരു വെല്ലുവിളി ആകില്ലെന്ന് ഉറപ്പിക്കാനും ഇസ്രായേലിനായി. ഈ അനുകൂല സാഹചര്യം മുതലെടുത്താണ് അന്താരാഷ്ട്ര സമൂഹത്തിന്‍റെ എതിർപ്പിനിടയിലും അധിവിഷ്ട ഗോലാൻ കുന്നുകളിൽ ജൂതകൂടിയേറ്റം ഇരട്ടിപ്പിക്കുന്നത്. 11 മില്യൺ ഡോളറിന്‍റെ സെറ്റിൽമെന്‍റ് പദ്ധതിക്കാണ് സർക്കാർ അംഗീകാരം നൽകിയത്. നിലവിൽ സിറിയയിൽനിന്ന് അനധികൃതമായി കൈവശപ്പെടുത്തിയ ഗോലാൻ കുന്നുകളിൽ 30ഓളം സെറ്റിൽമെന്‍റുകളിലായി 31,000ലധികം പേർ താമസിക്കുന്നുണ്ട്. സിറിയൻ ന്യൂനപക്ഷമായ ഡ്രൂസെ വിഭാഗക്കാരും മേഖലയിൽ കഴിയുന്നുണ്ട്.
ഗോലാൻ ശക്തിപ്പെടുത്തുന്നത് ഇസ്രായേൽ രാഷ്ട്രത്തെ ശക്തിപ്പെടുത്തുന്നതിന് തുല്യമാണെന്ന് നെതന്യാഹു പ്രതികരിച്ചു. 1967ലെ ആറുദിന യുദ്ധത്തിലാണ് ഗോലാൻ കുന്നുകളുടെ ഭൂരിഭാഗവും ഇസ്രായേൽ സിറിയയിൽനിന്ന് പിടിച്ചെടുത്തത്. രാജ്യാന്തര തലത്തിൽ ഇസ്രയേലിന്റേത് അനധികൃത കുടിയേറ്റമായാണ് കണക്കാക്കുന്നതെങ്കിലും 2019ൽ അന്നത്തെ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഗോലാൻ കുന്നുകളിൽ ഇസ്രയേലിന്റെ സ്വയംഭരണാധികാരത്തെ പിന്തുണച്ചിരുന്നു.
ജനുവരി 20ന് ട്രംപ് വീണ്ടും പ്രസിഡന്‍റ് പദവി ഏറ്റെടുക്കുന്നതോടെ കാര്യങ്ങൾ ഒന്നുകൂടി തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഇസ്രായേൽ. സിറിയയിൽ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണങ്ങളോട് സിറിയയിൽ അധികാരം പിടിച്ചെടുത്ത ഹൈഅത്ത് തഹ്രീർ അശ്ശാം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, ഗോലാൻ കുന്നുകളിൽ പുതിയ സെറ്റിൽമെന്‍റുകൾ സ്ഥാപിക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഇറാഖും സൗദി അറേബ്യയും യു.എ.ഇയും രംഗത്തെത്തി.
സിറിയൻ ജനതക്ക് അവരുടെ ഭൂമിയിൽ പരമാധികാരം ഉറപ്പുവരുത്തണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റേത് അധിനിവേശത്തിന്‍റെ തുടർച്ചയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ പ്രതികരിച്ചു. സിറിയയുടെ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ അട്ടിമറിക്കുന്നതാണ് ഇസ്രായേൽ പദ്ധതിയെന്ന് സൗദി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.