ഫലസ്തീനിൽ ഇസ്രായേൽ കൂട്ടക്കുരുതി: വൃദ്ധയടക്കം ഒമ്പതുപേരെ കൊന്നു; ആംബുലൻസ് തടഞ്ഞിട്ടു
text_fieldsജെനിൻ: ഫലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി. വൃദ്ധയടക്കം ഒമ്പത് മനുഷ്യരെ ക്രൂരമായി കൊലപ്പെടുത്തി. പ്രദേശത്ത് കഴിഞ്ഞ വർഷം ആരംഭിച്ച ഇസ്രായേൽ നരനായാട്ടിൽ ഏറ്റവും രക്തരൂക്ഷിതമായ ദിനമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. വെടിയേറ്റവരെയും കൊണ്ട് പോയ ആംബുലൻസ് യുദ്ധ ടാങ്ക് ഉപയോഗിച്ച് തടഞ്ഞിട്ടതായും ഫലസ്തീൻ അധികൃതർ അറിയിച്ചു.
നടന്നത് കൂട്ടക്കുരുതിയാണെന്നും ഇസ്രായേൽ വെടിവെപ്പിൽ 20 പേർക്ക് പരിക്കേറ്റുവെന്നും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. മഗ്ദ ഉബൈദ് എന്ന അറുപതുകാരിയാണ് ഇന്ന് കൊല്ലപ്പെട്ട വയോധികയെന്ന് ജെനിൻ ആശുപത്രി അധികൃതർ അറിയിച്ചു.
കൂട്ടക്കൊലക്ക് ശേഷം ജെനിനിൽ നിന്ന് പിൻവാങ്ങിയ ഇസ്രായേൽ സൈന്യം, സ്ത്രീയുടെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ തങ്ങളുടെ പ്രവർത്തകൻ ഇസ്സുദ്ദീൻ സലാഹത്തും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഫലസ്തീനിയൻ രാഷ്ട്രീയ പാർട്ടിയായ ഫതഹിന്റെ സായുധ സേനയായ അൽ-അഖ്സ ബ്രിഗേഡ് പറഞ്ഞു.
ഇസ്രായേൽ സേന ആംബുലൻസുകളും മെഡിക്കൽ സഹായവും തടസ്സപ്പെടുത്തുന്നത് പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കാൻ പോലും കഴിയാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി ജെനിൻ പബ്ലിക് ഹോസ്പിറ്റൽ മേധാവി വിസാം ബേക്കർ അൽ ജസീറയോട് പറഞ്ഞു. "ജെനിനിൽ വെടിയേറ്റുവീണ വ്യക്തിയെ രക്ഷിക്കാൻ ആംബുലൻസുമായി പോകവെ ഇസ്രായേൽ സൈന്യം ആംബുലൻസിന് നേരെ വെടിയുതിർക്കുകയും തടയുകയും ചെയ്തു’ -ബേക്കർ പറഞ്ഞു.
അതിനിടെ, ഇസ്രായേൽ സൈന്യം കുട്ടികളുടെ ആശുപത്രിക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചതായും നിരവധി കുട്ടികൾക്കും കൂട്ടിരിപ്പുകാർക്കും ശ്വാസംമുട്ടലിന് ഇടയാക്കിയതായും ബേക്കർ പറഞ്ഞു. എന്നാൽ, ആശുപത്രിക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചത് ബോധപൂർവമല്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. “ആശുപത്രിയിൽ ആരും മനഃപൂർവം കണ്ണീർ വാതകം പ്രയോഗിച്ചിട്ടില്ല. എന്നാൽ, സൈനിക നീക്കം നടന്നത് ആശുപത്രിക്ക് വളരെ അടുത്താണ്. അതിനിടെ തുറന്നിട്ട ജനലിലൂടെ കണ്ണീർവാതക ഷെൽ ആശുപത്രിക്ക് ഉള്ളിലേക്ക് കടക്കാൻ സാധ്യതയുണ്ട്” -സൈനിക മേധാവി പറഞ്ഞു.
വ്യാഴാഴ്ച നടന്ന കൊലപാതകങ്ങളെ കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി അന്വേഷണം നടത്തണമെന്ന് ഫലസ്തീൻ അതോറിറ്റി വക്താവ് നബീൽ അബു റുദീനെ ആവശ്യപ്പെട്ടു. ഈ വർഷം മാത്രം വെസ്റ്റ് ബാങ്കിൽ 29 സാധാരണക്കാർ കൊല്ലപ്പെട്ടുവെന്ന് പലസ്തീൻ പ്രസിഡന്റിന്റെ വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.