23 കാരിയായ ഫലസ്തീൻ സമരനേതാവിനെ ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു
text_fieldsജറുസലേം: അൽ ജസീറ മാധ്യമപ്രവർത്തകയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് ഒരു ദിവസത്തിന് ശേഷം ഫലസ്തീൻ വനിതാ സമര നേതാവിനെയും ഇസ്രായേൽ പൊലീസ് അറസ്റ്റ് ചെയ്തു. അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ശൈഖ് ജർറായിൽ ഫലസ്തീനികളെ തങ്ങളുടെ വീടുകളിൽ നിന്നും പുറത്താക്കുന്നതിനെതിരെയുള്ള സമരത്തിെൻറ മുൻനിരയിലുണ്ടായിരുന്ന മുന അൽ കുർദിനെതിരെയായിരുന്നു ഇസ്രായേൽ പൊലീസിെൻറ നടപടി. അവരുടെ ഇരട്ട സഹോദരൻ മുഹമ്മദ് അൽ കുർദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫലസ്തീൻ വാർത്ത ഏജൻസിയായ വാഫയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ശൈഖ് ജർറായിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു അൽ ജസീറ മാധ്യമപ്രവർത്തക ഗിവര ബുദൈരിയെ അറസ്റ്റ് ചെയ്തത്. ആഗോള പ്രതിഷേധങ്ങളെ തുടർന്ന് പിടികൂടി മണിക്കൂറുകൾക്ക് ശേഷം ബുദൈരിയെ വിട്ടയക്കുകയായിരുന്നു.
ഇരുപത്തിമൂന്നു വയസ്സുകാരിയായ മുന അൽ കുർദിനെ വീട്ടിൽ റെയ്ഡ് നടത്തിയാണ് പോലീസ് പിടികൂടിയതെന്ന് അവരുടെ പിതാവ് നബീൽ അൽ കുർദ് മാധ്യമങ്ങളോട് പറഞ്ഞു. ഇതിനു പുറമെ അപ്പോൾ വീട്ടിൽ ഇല്ലാതിരുന്ന അവരുടെ ഇരട്ട സഹോദരനായ മുഹമ്മദിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകുകയായിരുന്നു. അധിനിവിഷ്ട കിഴക്കൻ ജറുസലേമിലെ ഇസ്രായേലി പോലീസ് സ്റ്റേഷനിലേക്കാണ് അവരെ കൊണ്ടുപോയത്. പുറത്താക്കപ്പെട്ട കുടുംബങ്ങളുടെ ശബ്ദമായി മാറിയതിനാലാണ് ശൈഖ് ജർറാ സമരത്തിന്‍റെ മുഖമായി മാറിയ മുന അൽ കുർദിനെ ഇസ്രായേൽ പിടികൂടിയതെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.