ഖാൻ യൂനുസിലെ 30 കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം
text_fieldsദാർ അൽ ബലാഹ്: ഒഴിഞ്ഞുപോകണമെന്ന് വീണ്ടും ഉത്തരവിട്ടതിന് പിന്നാലെ ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമായ ഖാൻ യൂനുസിൽ കനത്ത ആക്രമണം നടത്തി ഇസ്രായേൽ സേന. ഹമാസ് പോരാളികളെയും ആയുധ സംഭരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നാണ് വിശദീകരണം. മണിക്കൂറുകൾക്കുള്ളിൽ 30 പ്രദേശങ്ങളിൽ ഇസ്രായേൽ സേന ഷെൽ ആക്രമണം നടത്തി. ഹമാസിന്റെ കെട്ടിടങ്ങളിലും തുരങ്കങ്ങളിലും പരിശോധന നടത്തിയതായും വ്യോമ, കര ആക്രമണങ്ങൾ നടത്തിയതായും സൈന്യം അറിയിച്ചു. ഇസ്മാഈൽ ഹനിയ്യക്കുശേഷം ഹമാസിന്റെ ചുമതല ഏറ്റെടുത്ത യഹ്യ സിൻവാർ ഖാൻ യൂനുസിൽ തുരങ്കത്തിൽ ഒളിവിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രായേലും യു.എസും ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം എക്സിലാണ് ഇസ്രായേൽ സേന ഖാൻ യൂനുസ് വാസികൾക്ക് ഒഴിപ്പിക്കൽ ഉത്തരവ് നൽകിയത്. മൊബൈൽ ഫോണിൽ മെസേജ് ലഭിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ സംരക്ഷിത മേഖലയായ അൽ മവാസിയിലേക്ക് പലായനം ചെയ്തു. നിലവിൽ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് അൽ മവാസി. രണ്ടാഴ്ച മുമ്പ് ഖാൻ യൂനുസിൽ തിരിച്ചെത്തിയ അഭയാർഥികളാണ് വീണ്ടും പലായനം ചെയ്തത്. ഇസ്രായേൽ സൈനിക നടപടിയിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെട്ട ഇവരിൽ ഭൂരിഭാഗവും ഇതിനകം ആറ് തവണയിലേറെ പലായനം ചെയ്തു.
ഗസ്സയിലെ അഞ്ചുലക്ഷത്തിലേറെ അഭയാർഥികൾ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് ഐക്യരാഷ്ട്ര സഭ ഏജൻസി പറയുന്നത്. മാലിന്യ ശുചീകരണ സംവിധാനം താറുമാറാകുകയും രോഗങ്ങൾ പരക്കുകയും ചെയ്തതോടെ ഗുരുതര പ്രതിസന്ധിയാണ് മേഖല നേരിടുന്നത്. ഗസ്സയിൽ ഇതുവരെ 39,699 പേർ കൊല്ലപ്പെടുകയും 91,722 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.